ഹെല്‍മെറ്റ്‌ ധരിപ്പിക്കാന്‍ പുത്തന്‍ ബോധവത്‌കരണ രീതികളുമായി പോലീസ്‌; ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയവരെ കൊണ്ട് പോലീസ് 25 തവണ ഇംപോസിഷന്‍ എഴുതിച്ചു

single-img
21 January 2016

imositionപാലക്കാട്‌: കഴിഞ്ഞ ദിവസം ഹെല്‍മെറ്റ്‌ ധരിക്കാതെ ജില്ലയില്‍ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയവരെ കൊണ്ട് പോലീസ് ഇംപോസിഷന്‍ എഴുതിച്ചു. ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബഹ്‌റയുടെ നിര്‍ദേശ പ്രകാരം ഇന്നലെ പോലീസ്‌ നടത്തിയ പ്രത്യേക പരിശോധനയില്‍ പിടിയിലായവരെല്ലാം ഇംപോസിഷന്‍ എഴുതേണ്ടിവന്നു.

‘ഹെല്‍മെറ്റ്‌ ധരിക്കാതെ ടൂ വീലര്‍ ഓടിക്കുന്നത്‌ കുറ്റകരമാണെന്ന്‌ എനിക്കറിയാം. മേലാല്‍ ഞാന്‍ ഹെല്‍മെറ്റ്‌ ധരിച്ചേ ടൂ വീലര്‍ ഓടിക്കുകയുള്ളു’ എന്നാണ്‌ ഓരോരുത്തരെ കൊണ്ടും 25 തവണ എഴുതിച്ചത്. എഴുതാനുള്ള പേപ്പറും പേനയും പോലീസ്‌ തന്നെ നല്‍കി.

ടൗണ്‍ സൗത്ത്‌ സ്‌റ്റേഷനിലും ട്രാഫിക്കിലുമായി 50 ഓളം പേരും ടൗണ്‍ നോര്‍ത്തില്‍ 49 പേരും ഇംപോസിഷന്‍ എഴുതി. എഴുതാനറിയാത്ത ചിലര്‍ മക്കളെ വിളിച്ചുവരുത്തി എഴുതിച്ചു.  ഹെല്‍മെറ്റ്‌ ധരിക്കുന്നതിന്‌ ബോധവത്‌കരിക്കുക കൂടിയാണ്‌ ഇതിലൂടെ ലക്ഷ്യമിട്ടതെന്ന്‌ പോലീസ്‌ പറഞ്ഞു.  കൂടാതെ നൂറുരൂപ പിഴയും ഈടാക്കിയിട്ടുണ്ട്‌.