രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴ് ചലച്ചിത്ര സംഘടനകള്‍

single-img
20 January 2016

nadigarരാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന  പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഏഴ് പ്രതികളെയും ഉടന്‍ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ജയലളിതയ്ക്ക് നിവേദനം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചു. താരസംഘടനയായ നടികര്‍ സംഘം, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെപ്‌സി, സംവിധായകരുടെ സംഘടന തമിഴ് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ആവശ്യമുന്നയിച്ചത്.

മാനുഷിക പരിഗണന നല്‍കി ഇവരെ വിട്ടയക്കണം. 25 വര്‍ഷമായി ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ മോചനം ആവശ്യപ്പെട്ട് വന്‍ റാലി സംഘടിപ്പിക്കാനും സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചതായി നടികര്‍ സംഘം പ്രസിഡന്റ് നടന്‍ നാസര്‍ അറിയിച്ചു. എം. ജി ആറിന്റെ ശതാബ്ദി വര്‍ഷത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തടവുകാരുടെ മോചനത്തിനായി മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും നാസര്‍ പറയുന്നു.

നടികര്‍ സംഘത്തിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പ്പര്യമില്ല, ചെന്നൈ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയത് പോലെ മാനുഷിക ഇടപെടല്‍ വേണ്ട വിഷയം എന്ന നിലയിലാണ് തടവുകാരുടെ മോചനത്തെയും കാണുന്നത്. പേരറിവാളന്‍, നളിനി, മുരുഗന്‍,ശാന്തന്‍,ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കമെന്നാണ് സംഘടനകളുടെ ആവശ്യം.