നാറാത്ത് ആയുധ പരിശീലന കേസ്; ഒന്നാം പ്രതിക്ക് ഏഴുവര്‍ഷത്തെ തടവും 20 പേര്‍ക്ക് അഞ്ചുവര്‍ഷം തടവും വിധിച്ചു

single-img
20 January 2016

narathകൊച്ചി:  നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതിക്ക് എന്‍.ഐ.എ കോടതി ഏഴുവര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചു. രണ്ടു മുതല്‍ 21 വരെയുള്ള പ്രതിപ്പട്ടികയിലുള്ള 20 പേര്‍ക്ക് അഞ്ചുവര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. 22ാം പ്രതി നാറാത്ത് കമ്പില്‍ അതകരവീട്ടില്‍ കമറുദ്ദീനെ(34) തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. കേസില്‍ മൊത്തം 22 പ്രതികളാണുള്ളത്. പ്രതികള്‍ ഇതിനകം ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ നിന്ന് കുറക്കും. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്.

2013 ഏപ്രില്‍ 23ന് നാറാത്തെ തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍റെ കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഡാലോചന (120ബി), നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘം ചേരല്‍ (143), ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍ (153എ), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യു.എ.പി.എ) 18, 18എ വകുപ്പുകള്‍, ആയുധനിയമത്തിലെ 25, 27 വകുപ്പുകള്‍, സ്ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.

26 സാക്ഷികളെ വിസ്തരിച്ചും 109 രേഖകളും 38 തൊണ്ടി സാധനങ്ങളും പരിശോധിച്ചുമാണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതി ഭാഗത്തു നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചിരുന്നു. കേരളത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത എന്‍.എ.എ കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയായ കേസാണിത്.