സ്വന്തം സഹോദരിയെ നഷ്ടപ്പെട്ട അപകടത്തില്‍ നിന്നും രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച എട്ട് വയസുകാരിയ്ക്ക് ധീരതയ്ക്കുള്ള പുരസ്കാരം

single-img
19 January 2016

ruchithaഹൈദരാബാദ്: രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച എട്ട് വയസുകാരിയ്ക്ക്  ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്കാരം. തെലങ്കാനയിൽ ആളില്ലാ റെയിൽവെ ക്രോസിൽ ട്രെയിൻ ബസിലിടിച്ചുണ്ടായ ദുരന്തത്തിൽ നിന്നാണ് ശിവംപെത് രുചിത എന്ന കുട്ടി മറ്റ് രണ്ട് കുട്ടികളെ രക്ഷിച്ചത്. തെലങ്കാനയിൽ മേധക് ജില്ലയിലെ മാസൈപേട്ടിലാണ് 2014 ജൂലൈ 24ന് അപകടമുണ്ടായത്. അപകടത്തിൽ രുചിതയുടെ അനുജത്തി ഉൾപ്പെടെ 16 പേർ സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചിരുന്നു.

സ്കൂൾബസിൽ പോകുമ്പോൾ ലവൽക്രോസിൽവച്ച് ബസ് കേടായി. സ്റ്റാർട്ട് ചെയ്യുംമുൻപ് ട്രെയിൻ പാഞ്ഞുവന്നു. രുചിതയും മറ്റു കൂട്ടുകാരും ഡ്രൈവർക്കു മുന്നറിയിപ്പു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രുചിത ഉടൻ പുറത്തിറങ്ങി രണ്ടു സുഹൃത്തുക്കളെ ബസിന്റെ ജനാലവഴി പുറത്തേക്കു വലിച്ചിട്ടു. സ്വന്തം സഹോദരിയെ രക്ഷിക്കുംമുൻപ് ട്രെയിൻ ബസിൽ ഇടിക്കുകയായിരുന്നു

40,000 രൂപയും മെഡലും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. റിപ്പബ്ലിക് ദിന ചടങ്ങിൽ വച്ച് പരേഡിൽ രുചിത പങ്കെടുക്കും. ഈ വർഷം 25 പേർക്കാണ് ധീരതാ പുരസ്‌കാരം. പുരസ്‌കാരം പിന്നീട് പ്രധാനമന്ത്രി സമ്മാനിയ്ക്കും.

പെൺകുട്ടികളിലെ അസാമാന്യ ധീരതയ്ക്കുള്ളതാണ് ഗീത ചോപ്ര പുരസ്കാരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗീത ചോപ്ര എന്ന സ്കൂൾ വിദ്യാർഥിനിയുടെ പേരിലുള്ളതാണ് പുരസ്കാരം. ഗീതയെയും സഹോദരൻ സഞ്ജയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രംഗ, ബില്ല എന്നിവരെ തൂക്കിലേറ്റിയിരുന്നു.