‘തലയിലേക്ക് രക്തം ഇരച്ചുകയറുന്നപോലെ, ഇനി ഞാന്‍ അല്‍പ്പം ഉറങ്ങട്ടെ”-നേതാജിയുടെ അവസാന വാക്കുകള്‍ ഇതായിരുന്നുവെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍

single-img
17 January 2016

nethajiലണ്ടന്‍: ‘തലയിലേക്ക് രക്തം ഇരച്ചുകയറുന്നപോലെ, ഇനി ഞാന്‍ അല്‍പ്പം ഉറങ്ങട്ടെ” – നേതാജി സുഭാഷ് ചന്ദ്രബോസ്  അവസാനം ഉരുവിട്ട വാക്കുകളിതായിരുന്നു വെന്ന് വെളിപ്പെടുത്തല്‍.  തായ്‌പേയിയിലെ നാന്‍മണ്‍ സൈനികാസ്​പത്രിയില്‍ വെച്ച് അന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ടാനിയോഷി യോഷിമിയോടായിരുന്നു ഈ വാക്കുകള്‍. ഡോക്ടറുടേതടക്കം അന്ത്യനിമിഷങ്ങളില്‍ ആശു​പത്രിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അഞ്ചുപേരുടെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പെടുന്ന പുതിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനിലെ www.bosefiles.info എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു. ഇതോടെ തായ്വാനിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് നേതാജിയുടെ മരണം  സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.

നേതാജിയുടെ ബന്ധുവായ പത്രപ്രവര്‍ത്തകന്‍ ആഷിസ് റേ 1995-ല്‍ ഡോ. ടാനിയോഷിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ പുറത്തുവന്നത്. ജപ്പാന്‍ സൈന്യത്തിലെ  ഉദ്യോഗസ്ഥനാണ് 1945 ആഗസ്ത് 18-ന് വൈകിട്ട് ആശു​പത്രിയിലെത്തിച്ച രോഗി സുഭാഷ് ചന്ദ്രബോസാണെന്ന് പരിചയപ്പെടുത്തിയതെന്ന് ഡോക്ടര്‍ പറയുന്നു. അദ്ദേഹത്തെ എന്തു വിലകൊടുത്തും രക്ഷിക്കണമെന്ന് സൈന്യത്തിലെ  ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

വിമാനാപകടത്തില്‍ അദ്ദേഹത്തിന് ശരീരമാസകലം പൊള്ളലേറ്റിരുന്നു. ‘അദ്ദേഹത്തിന്റെ മുറിവുകളും പൊള്ളലുകളും വൃത്തിയാക്കി മരുന്നുവെച്ചത് താനാണ്. തലയിലും നെഞ്ചിലും തുടകളിലുമായിരുന്നു വലിയ പൊള്ളലുകള്‍. തലയിലെ മുടി മുക്കാലും കരിഞ്ഞുപോയിരുന്നു. അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ ഒരു പരിഭാഷകനെയും വരുത്തിയിരുന്നു. അദ്ദേഹവും പൊള്ളലേറ്റയാള്‍ സുഭാഷ് ചന്ദ്രബോസ് തന്നെയാണെന്ന് തിരിച്ചറിഞ്ഞെന്ന് ഡോക്ടര്‍ പറയുന്നു.

‘അദ്ദേഹത്തിന്റെ സ്ഥിതി വളരെ മോശമാണെന്ന് എനിക്ക് ഒറ്റനോട്ടത്തില്‍ ബോധ്യമായിരുന്നു. എന്താണ് വേണ്ടതെന്ന് താന്‍ ചോദിച്ചു. ഇനി അല്‍പ്പം ഉറങ്ങട്ടെയെന്നായി അദ്ദേഹം. താന്‍ വേദനസംഹാരി കുത്തിവെച്ചു. രാത്രി 11-ഓടെ അദ്ദേഹം മരണത്തിന് കീഴടങ്ങി’ – ഡോ. ടാനിയോഷി ഓര്‍മിക്കുന്നു.

തായ്‌പേയിയിലെ മറ്റൊരു ഡോക്ടര്‍ ഡോ. റ്റ്‌സുരുറ്റയുമായി ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ലഫ്. കേണല്‍ ജെ.ജി. ഫിഗെസ്സ് 1946-ല്‍ നടത്തിയ സംഭാഷണവും വിമാനാപകടത്തിലാണ് മരണമെന്ന വാദം ശരിവെക്കുന്നു. എന്നാല്‍, വിശദാംശങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്. മരണം രാത്രി ഏഴുമണിക്കടുത്താണെന്നാണ് അവരുടെ മൊഴി. മുംബൈയിലെ ഫ്രീപ്രസ് ജേണലിന്റെ ലേഖകനായിരുന്ന ഹരിന്‍ ഷാ സൈനികാശു​പത്രിയിലെ നഴ്‌സ് ത്സാന്‍ പി ഷായുമായി 1946 സപ്തംബറില്‍ നടത്തിയ സംഭാഷണവും ഇപ്പോള്‍ പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു.

”അദ്ദേഹം ഇവിടെയാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം (1945) ആഗസ്ത് 18-ന്. ഞാന്‍ അടുത്തുതന്നെയുണ്ടായിരുന്നു. ശരീരം മുഴുവന്‍ ഒലിവെണ്ണ പുരട്ടിക്കൊടുത്തത് ഞാനാണ്. ബോധം തെളിഞ്ഞപ്പോഴൊക്കെ അദ്ദേഹം വെള്ളം ചോദിച്ചു. ഞാനാണ് വെള്ളം കൊടുത്തതെന്നും അവര്‍ പറഞ്ഞു. അപകടത്തിലും മരണസമയത്തും ഒപ്പമുണ്ടായിരുന്ന നേതാജിയുടെ എ.ഡി.സി. കേണല്‍ ഹബീബുര്‍ റഹ്മാന്‍ 1945 ആഗസ്ത് 24-ന്  നല്‍കിയ മൊഴിയും വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവസാനമായി തന്നോട് നേതാജി പറഞ്ഞ കാര്യങ്ങള്‍ കേണല്‍ റഹ്മാന്‍ മൊഴിയില്‍ പറയുന്നു. ‘എന്റെ അന്ത്യമടുത്തു. ഈ സന്ദേശം എന്റെ നാട്ടുകാരോട് പറയുക. അന്ത്യംവരെയും ഞാനെന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. ജീവനും അതിനുവേണ്ടി സമര്‍പ്പിക്കുന്നു. നിങ്ങള്‍ പോരാട്ടം തുടരുക. വൈകാതെ ഇന്ത്യ സ്വതന്ത്രമാകും. സ്വതന്ത്ര ഇന്ത്യ നീണാള്‍ വാഴട്ടെ’.