പാർലമെന്റ് തടസ്സപ്പെടുത്തുകയെന്നതു കോൺഗ്രസ് നയമല്ലെന്ന് രാഹുൽ ഗാന്ധി

single-img
16 January 2016

rahul-gandhiമുംബൈ: ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ അവർ ജനങ്ങളെ ഹിന്ദുക്കളെന്നും സിഖ്കാരെന്നും വിഭജിക്കുന്നു തങ്ങള്‍ എല്ലാവരും ഇന്ത്യക്കാരായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി. മുംബൈയിൽ നാർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പാർലമെന്റ് തടസ്സപ്പെടുത്തുകയെന്നതു കോൺഗ്രസ് നയമല്ലെന്ന് രാഹുൽ ഗാന്ധി. ധനമന്ത്രി അരുൺ ജയ്റ്റ്ലി ഒരിക്കൽ ഇംഗ്ലണ്ടില്‍ വച്ചു നൽകിയ അഭിമുഖത്തിൽ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് ബിജെപിയുടെ തന്ത്രമാണെന്നു വെളിപ്പെടുത്തിയിരുന്നു. അതു 10 വർഷം ബിജെപി ചെയ്തു. എവിടെയൊക്കെ തടസ്സപ്പെടുത്താമോ അവിടെയെല്ലാം തടസ്സപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ജിഎസ്ടി ബില്ലിനെയും പരിഹസിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി ബില്ലിന്മേൽ മൂന്നു കാര്യങ്ങളിലാണ് ബിജെപിയുമായി അഭിപ്രായ ഭിന്നതയുള്ളത്. കോൺഗ്രസാണ് ആദ്യം ജിഎസ്ടി ബിൽ പാർലമെന്റിലെത്തിച്ചത്.

അതിന്റെ ആവിഷ്കാരവും രൂപപ്പെടുത്തലും കോൺഗ്രസിന്റെയാണ്. ജിഎസ്ടി പ്രവർത്തന ക്ഷമമാകണമെങ്കിൽ വൻ അടിസ്ഥാന സൗകര്യങ്ങൾ വേണം. അതു തുടങ്ങിയിട്ടില്ല. സർക്കാർ ആദ്യം അതു തുടങ്ങണം. ഏഴു വർഷത്തോളം ബിജെപി ജിഎസ്ടി ബിൽ പാർലമെന്റിൽ തടഞ്ഞു. അരുൺ ജയ്റ്റ്ലിയും നരേന്ദ്ര മോദിയും അതു പാസാക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പത്താൻകോട്ട് വ്യോമസേന താവളത്തിൽ ഒരു ആക്രമണമുണ്ടായി. എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്സ്) ആണ് അതു കൈകാര്യം ചെയ്യേണ്ടത്, എൻഎസ്എ (നാഷനൽ സെക്യൂരിറ്റി അഡ്വൈസർ) അല്ല. സംഭവങ്ങൾ അനുസരിച്ചാണ് സർക്കാര്‍ കാര്യങ്ങൾ നടത്തുന്നത്, തന്ത്രമനുസരിച്ചല്ല. സംവിധാനങ്ങളുടെ യഥാർഥ അധികാരം പൂർണമായി ഉപയോഗിക്കുന്നില്ല. എൻഎസ്എയുടെ പണി തന്ത്രങ്ങളൊരുക്കുകയല്ല, നയതന്ത്ര വൈദഗ്ധ്യത ഉണ്ടാക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.