അലിഗഢ് മുസ്ലീം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്ത് കളയണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

single-img
13 January 2016

1413783343amu4

അലിഗഢ് മുസ്ലീം സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ന്യൂനപക്ഷ പദവിക്ക് എതിരാണ് തങ്ങളെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി സുപ്രീംകോടതിയെ അറിയിച്ചു.

കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതുകൊണ്ടാണോ ഈ നിലപാട് മാറ്റമെന്നും കോടതി എടുത്തുചോദിച്ചു. അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ജെ.എസ്.ഖേഹര്‍, എം.വൈ ഇക്ബാല്‍, സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ചിലാണ് മോദിസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ ഹാജരായത്.

മതേതര രാജ്യത്ത് ന്യൂനപക്ഷ സ്ഥാപനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന വാദമാണ് മുകുള്‍ റോത്ഗി അവതരിപ്പിച്ചത്. കൂടാതെ മെഡിക്കല്‍, പി.ജി പ്രവേശനത്തില്‍ മുസ്ലീം സംവരണം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കൂടാതെ ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് റോത്ഗി പറഞ്ഞു.

എന്നാല്‍ അലിഗഢ് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. പി.പി റാവു അലിഗഢ് ന്യൂനപക്ഷ സ്ഥാപനമായി തന്നെ തുടരുമെന്നും കോടതിയില്‍ വ്യക്തമാക്കി.1967ലെ ബാഷ കേസിന്റെ വിധി വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.