ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മൂന്ന് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കി

single-img
13 January 2016

Internet-Explorerന്യൂഡല്‍ഹി:  ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മൂന്ന് പതിപ്പുകളുടെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച അവസാനിപ്പിച്ചു. ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റ് ബ്രൗസറുകളെ തേടിപ്പോകുന്നതിനാല്‍ 2014 ആഗസ്തിലാണ് ഇവ പിന്‍വലിക്കുന്നതായി കമ്പനി അറിയിച്ചിരുന്നത്. 2009 ല്‍ പുറത്തിറക്കിയ എക്‌സ്‌പ്ലോറര്‍ ഐഇ 8, 2011 ലെ ഐഇ 9, 2012 ലെ ഐഇ 10 എന്നിവയാണ് നിര്‍ത്തലാക്കിയത്.

എന്നാല്‍ 2013 ല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയ്‌ക്കൊപ്പം പുറത്തിറക്കിയ അവസാന പതിപ്പായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 നിര്‍ത്തലാക്കിയിട്ടില്ല. 2015 മാര്‍ച്ചില്‍ ഇതിനു പകരമായി വിന്‍ഡോസ് 10- നോടൊപ്പം മൈക്രോസോഫ്റ്റ് എഡ്ജ് എന്ന ബ്രൗസര്‍ പുറത്തിറക്കിയിരുന്നു.

1995 ലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തിറങ്ങുന്നത്. ഏതാണ്ട് നൂറുകോടി ആളുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ചിരുന്നു.  ഫയര്‍ഫോക്‌സ്, ഗൂഗിളിന്റെ ക്രോം എന്നീ ബ്രൗസറുകള്‍ വന്നതോടെ മൈക്രോസോഫ്റ്റ് എക്‌സ്‌പ്ലോററിനെ ആളുകള്‍ കൈവിടുകയായിരുന്നു. വേഗവും സുരക്ഷാ പോരായ്മയുമായിരുന്നു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രശ്‌നം. ഈ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടാണ് പുതിയ ബ്രൗസര്‍ പുറത്തിറക്കിയിരിക്കുന്നത്.