പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കരുത്; ചിലപ്പോഴെങ്കിലും പ്രവാസികളുടെ തേങ്ങല്‍ കേള്‍ക്കുന്നയിടമാണത്

single-img
9 January 2016

9db0b998-0900-41a4-9fe1-e4c2cf22429e

ചൂടിനോടും മണല്‍ക്കാറ്റിനോടും പ്രതിജീവിത സാഹചര്യങ്ങളോടും പൊരുതി ഏകദേശം നാലര ലക്ഷം കോടി രൂപ പ്രതിവര്‍ഷം ഇന്ത്യയെന്ന സ്വന്തം രാജ്യത്തേക്ക് അയച്ച്, സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന് അധ്വാനിച്ചുകൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരോടു േകന്ദ്രസര്‍ക്കാര്‍ കാട്ടുന്ന ഈ ക്രൂരത എന്ത് പറഞ്ഞാണ് ന്യായീകരിക്കാനാകുക. രാജ്യത്തിനു സഹസ്രകോടികളുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കായി ഒന്നാം യുപിഎ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പ്രത്യേകം രൂപവത്കരിച്ച പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കാനുള്ള തീരുമാനം ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയെന്ന നിലയില്‍ ആശ്വാസകരമായിരുന്ന ഒരു വകുപ്പുകൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ നഷ്ടപ്പെടുന്നത്.

പ്രവാസ ഇന്ത്യക്കാരുടെ പണം കൊണ്ട് ജീവിക്കുന്നവരില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ചൈനയേയും ഫിലിപ്പീന്‍സിനേയും കടത്തിവെട്ടി ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ട് കാലം കുറച്ചായി. ഇന്ത്യക്കാരില്‍ തന്നെ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് ഒന്നാം യു.പി.എ മന്ത്രിസഭ പ്രവാസകാര്യ വകുപ്പ് കൊണ്ടു വന്നതും. ഗള്‍ഫ് രാജ്യങ്ങളില്‍ െവല്ലുവിളികള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഈ വകുപ്പുമൂലം കൈകാര്യം ചെയ്തുവന്നു. ഒന്നാം യു.പി.എ സര്‍ക്കാര്‍ ഈ വകുപ്പ് ആരംഭിച്ചതുതന്നെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിരന്തര സമ്മര്‍ദ്ദ ഫലമായിട്ടാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും നിലനിര്‍ത്തിയ ഈ വകുപ്പില്‍ പക്ഷേ പ്രത്യേക മന്ത്രിയെ നിയമിച്ചിരുന്നില്ല. ചുമതല വിദേശകാര്യവകുപ്പ് മന്ത്രിക്ക് നല്‍കുകയാണ് ചെയ്തത്. ആ സമയത്ത് കലാപങ്ങള്‍ പൊട്ടിപുറപ്പെട്ട ഇറാക്ക്, ലിബിയ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാചരേയും മറ്റുള്ളവരയും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് ഈ വകുപ്പിന്റെ ഊര്‍ജ്ജിതപരമായ ഇടപെടലിലൂടെയാണ്. കേന്ദ്രത്തിലെ പ്രവാസികാര്യവകുപ്പിന് അനുബന്ധമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവാസികാര്യ വകുപ്പ് സൃഷ്ടിച്ചിരിന്നു. ഇവ രണ്ടും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള നീക്കത്തിലൂടെയാണ് ആഭ്യന്തരകലാപം രൂക്ഷമായ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടു വന്നതും. കാലങ്ങളായി ്രപവാസം അനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി പലകാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞുവെന്നുള്ളതും പ്രവാസികാര്യം പ്രത്യേകവകുപ്പാക്കിയതിന്റെ ഗുണം തന്നെയാണ്.

യഥാര്‍ത്ഥത്തില്‍ വിദേശകാര്യവും പ്രവാസികാര്യവും ഒന്നാക്കുകയാണെന്ന കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന കാര്യമറിയാതെ കയത്തില്‍ ചാടുന്ന പ്രവൃത്തിപോലെയാണ്. അമേരിക്കന്‍ രാജ്യങ്ങളിലോ യൂറോപ്പ്യന്‍ രാജ്യങ്ങളിലോ ഉള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളല്ല ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ നേരിടുന്നത്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ പോകുന്നവര്‍ക്ക് അവിടെ സ്ഥിര താമസമാക്കുകയോ പൗരന്‍മാരാകുകയോ ചെയ്യാം. അതത്ര പാടുള്ള കാര്യങ്ങളല്ല. എന്നാല്‍ കുടുംബത്തിനു വേണ്ടി തങ്ങളുടെ യൗവനം ഹോമിച്ച്, അതുവഴി നാടിനെ സേവിച്ച് മരുഭൂമിയുടെ ചുടുംചൂരുമനുഭവിക്കുന്ന ഗള്‍ഫിലെ പ്രവാസികള്‍ക്ക് അവിടെ ജോലി നോക്കുവാന്‍ മാത്രമേ അവകാശമുള്ളു. കാലങ്ങള്‍ കഴിയുമ്പോള്‍ നീരെടുത്ത ചണ്ടിപോലെ അവര്‍ സവന്തം നാട്ടിലേക്കുതന്നെ കയറ്റി അയക്കപ്പെടും. ഇത്തരം പ്രവാസികള്‍ക്ക് ഒത്തുകൂടുവാനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുവാനുമുള്ള വേദിയാണ് മോദി സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്.

വിദേശകാര്യവകുപ്പ്- പ്രവാസികാര്യ വകുപ്പ് എന്നിവ തമ്മിലുള്ള ജോലിയിലെ ഇരട്ടിപ്പും എടുക്കുന്ന തീരുമാനങ്ങളിലെ കാലതാമസവും ഒഴിവാക്കാനാണ് ഈ വകുപ്പുകള്‍ തമ്മില്‍ ലയിബപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രവാസികളുടെ കാര്യത്തില്‍ ഈ പറയുന്ന എന്തു ജോലിയിരട്ടിപ്പാണു നയതന്ത്ര കാര്യാലയങ്ങള്‍ക്കോ അതിലെ ഉദ്യോഗസ്ഥര്‍ക്കോ ഉണ്ടാകുന്നതെന്നു ആരുംവ്യക്തമാക്കുന്നില്ല. പ്രവാസി ഭാരതീയ ദിവസ് എന്ന പേരില്‍ ഒരു ആഗോള സമ്മേളനം പ്രവാസികള്‍ക്കായി ആരംഭിക്കുന്നത് വാജ്‌പേയി മന്ത്രിസഭയുടെ കാലത്താണ്. അന്ന് ആ ബി.ജെ.പി സര്‍ക്കാര്‍ ചെയ്ത പിന്തുണയെ ഇന്നത്തെ സര്‍ക്കാര്‍ നിര്‍ദ്ദയമായി വെട്ടിമാറ്റുകകൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരുമിച്ചു കൂടാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള വേദിയായിരുന്നു പ്രവാസി ഭാരതീയ ദിവസ്. തുടക്കകാലങ്ങളില്‍ എല്ലാ വര്‍ഷവും നടന്നിരുന്ന ഈ സമ്മേളനം പിന്നീടു രണ്ടു വര്‍ഷത്തിലൊരിക്കലാക്കി. എന്നാല്‍ ഇപ്രാവശ്യം അതൊരു ഏകദിന സെമിനാര്‍ മാത്രമായി ചുരുക്കി കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിലപാട് കൂറച്ചുകൂടി ശക്തമായി വ്യക്തമാക്കി.

അധികാരത്തിലേറിയ ശേഷം മോദി വളരെയേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെങ്കിലും ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസ്സിലായിട്ടില്ല എന്നണ് ഇക്കാര്യത്തില്‍ നിന്നും വ്യക്തമാകുന്നത്. ഗള്‍ഫില്‍ വിമാനമിറങ്ങിയ സമയത്ത് ഗള്‍ഫിലെ സാധാരണ പ്രവാസികളുടെ സ്‌നേഹവും കൂറും പ്രധാനമന്ത്രി അനുഭവിച്ചറിഞ്ഞതുമാണ്. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കായി അദ്ദേഹം സമ്മേളനം വിളിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തതാണ്. എന്നിട്ടും ആ പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങായ പ്രവാസികാര്യവകുപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നത് തികച്ചും നിര്‍ഭാഗ്യകരമെന്നല്ലാതെ മറ്റൊന്നായും വിശേഷിപ്പിക്കാനില്ല. ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഭദ്രമാക്കുന്ന പ്രവാസികളെയും, പ്രവാസികാര്യവകുപ്പിന്റെ പ്രാധാന്യവും മനസ്സിലാക്കി വകുപ്പും ഉദ്യോഗസ്ഥരേയുംനിലനിര്‍ത്തണമെന്നല്ലാതെ ഈ സാഹചര്യത്തില്‍ മറ്റൊന്നും പറയാനില്ല.