ശൈലേഷ് ഗൌറിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കണം, കാരണം രാജ്യത്തിനു വേണ്ടി വെടിയുണ്ടകള്‍ക്കു മുന്നില്‍ സ്വന്തം ശരീരം െകാണ്ട് മതില്‍ തീര്‍ത്തതാണദ്ദേഹം

single-img
8 January 2016

Shylesh

പത്താന്‍കോട് വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 8 ധീരസൈനികരെയാണ്. പുതുവര്‍ഷത്തിന്റെ പിറ്റേന്ന് പുലര്‍ച്ചേ മൂന്ന് മണിക്ക് അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തില്‍ രാജ്യം വിറച്ചപ്പോള്‍, തങ്ങളുടെ ജീവന്‍പോലും നല്‍കാന്‍ തയ്യാറായി സൈന്യം പൊരുതി. ചിലര്‍ ജീവനറ്റു വീണപ്പോള്‍ ഗുരുതരമായ പരിക്കുകള്‍ക്കിടയിലും സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതി അവര്‍ പിടിച്ചു നിന്നു. ആക്രമണ സ്ഥലത്ത് ഭീകരരെ തുരത്താന്‍ ആദ്യം തോക്കുമായി ഇറങ്ങിയവരുടെ കൂട്ടത്തില്‍ ഹരിയാനയിലെ അംബലയില്‍ നിന്നുള്ള 24 കാരനായ ശൈലേഷ് ഗൌര്‍ എന്ന സൈനികന്‍ ഇന്ന് ജീവനുമായി മല്ലിടിച്ച് ആശുപത്രിയിലാണ്. ശൈലേഷിന്റെ തിരിച്ചു വരവിനായി ഊണും ഉറക്കവുമുപേക്ഷിച്ച് പ്രാര്‍ത്ഥനയിലാണ് രാജ്യത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍.

ആക്രമണം നടത്തിക്കൊണ്ട് വ്യോമതാവളത്തിലെ ആയുധ ശേഖര കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയ ഭീകരരെ തടഞ്ഞുനിര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു ശൈലേഷ്. ചെറുത്തു നില്‍പ്പിനിടയില ഭീകരരുടെ തോക്കില്‍ നിന്നുള്ള ആറു വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറി രക്തം പുഴ പോലെ ഒഴുകിയിട്ടും മനസ്‌ഥൈര്യം കൈവിടാതെ മണിക്കൂറുകളോളം ശൈലേഷ് പ്രത്യാക്രമണം നടത്തി.

വ്യോമതാവളത്തിലെ മെക്കാനിക്കല്‍ ട്രാന്‍പോര്‍ട്ട് മേഖലയിലായിരുന്നു ഭീകരരുടെ നീക്കം നിരീക്ഷിച്ച് ആക്രമണം നടത്താന്‍ അധികൃതര്‍ ശൈലേഷിനെയും സംഘത്തെയും നിയോഗിച്ചത്. ആദ്യം ശൈലേഷിനൊപ്പമുണ്ടായിരുന്നത് ഗുര്‍സേവക് എന്ന സൈനികനായിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നിന്നും ശൈലേഷിനെ കവര്‍ ചെയ്യുന്നതിനിടെ ഗുര്‍സേവക് വെടിയേറ്റു വീഴുകയായിരുന്നു. പക്ഷേ മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയ ഗുര്‍സേവക് പ്രത്യാക്രമണം തുടര്‍ന്നു. ആ സമയം കട്ടാല്‍ എന്ന സൈനികനും ശൈലേഷിനൊപ്പം ചേര്‍ന്നു ആക്രമണത്തിനിറങ്ങി.

രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടയിലാണ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ശൈലേഷിന്റെ വയറില്‍ ആറു വെടിയുണ്ടകള്‍ തുളഞ്ഞുകയറിയത്. എന്നാല്‍ വെടിയേറ്റു വീണിട്ടും ശൈലേഷ് തളര്‍ന്നില്ല. പകരക്കാരന്‍ എത്താന്‍ വൈകിയ ആ ഒരു മണിക്കൂര്‍ വേദന കടിച്ചമര്‍ത്തി, ഒഴുകിപ്പടരുന്ന രക്തത്തില്‍ കിടന്ന് ശൈലേഷ് പോരാടി. ഒടുവില്‍ പകരക്കാരന്‍ എത്തിയതിനുശേഷം ശൈലേഷിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

വ്യോമസേനാ അധികൃതര്‍ ശൈലേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോരാട്ടത്തിനിടെ ഗുരുതര പരിക്കേറ്റ ശൈലേഷ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. എന്നാലും ഭീകരതയ്ക്കു മുന്നില്‍ തോല്‍ക്കാന്‍ മനസില്ലെന്നു തന്നെയാണ് ഈ യുവ സൈനികന്റെ ഭാഷ്യം. പത്താന്‍കോട് വ്യോമതാവളത്തില്‍ നടന്ന 80 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ഏഴു സൈനികര്‍ കൊല്ലപ്പെടുകയും 20 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.