ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് ഈജിപ്തില്‍ വിലക്ക്

single-img
1 January 2016

Mark-Zuckerberg-facebookഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് ഈജിപ്തില്‍ വിലക്ക്. നെറ്റ് സമത്വവും ഫെയ്‌സ്ബുക്കിന്റെ വിവാദ സൗജന്യ ഇന്റര്‍നെറ്റ്  സര്‍വീസും ഇന്ത്യയില്‍ വന്‍ചര്‍ച്ചയാകുന്ന വേളയിലാണ്  ഈജിപ്തില്‍ വിലക്ക് വീണിരിക്കുന്നത്.രണ്ടുമാസം മുമ്പാണ് ടെലകോം കമ്പനിയായ ഇറ്റിസലാത് ഈജിപ്ത് ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് സര്‍വീസ് രാജ്യത്ത് നല്‍കി തുടങ്ങിയത്. അത് നിര്‍ത്തലാക്കിയതിന് കാരണമെന്തെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.   ‘പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന്’ ഫെയ്‌സ്ബുക്ക് പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്രീ ബേസിക്‌സിന് പിന്തുണ തേടാന്‍ ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് വന്‍ പ്രചാരണമാണ് നടത്തുന്നത്.  2014ല്‍ ഫെയ്‌സ്ബുക്ക് ആരംഭിച്ച ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ (Internet.org) ഭാഗമാണ് ഫ്രീ ബേസിക്‌സ് സര്‍വീസ്.  ഇന്റര്‍നെറ്റ് ഡേറ്റയ്ക്ക് വ്യത്യസ്ത റേറ്റ് ഈടാക്കാനുള്ള നടപടി സംബന്ധിച്ച് അഭിപ്രായങ്ങളറിയിക്കാന്‍  ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു.

അഭിപ്രായങ്ങളറിയിക്കാന്‍ അനുവദിച്ചിരുന്ന സമയം ഡിസംബര്‍ 30 എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ്. നെറ്റ് സമത്വത്തിനായി അഭിപ്രായങ്ങള്‍ അറിയിക്കുന്നവരെ സഹായിക്കാന്‍ ‘സേവ് ഇന്റര്‍നെറ്റ് ഡോട്ട് ഇന്‍’ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.