പാക്ക് ബോംബർ വിമാനങ്ങളെ വെടിവച്ചിട്ട യേശുദാസന്റെ പേരിലുള്ള മാർബിള്‍ ഫലകത്തിന് 50 ആണ്ട്

single-img
29 December 2015

Yesudasan

തൃശൂർ:  തൃശൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിന്നിട്ടുള്ളവരൊക്കെ മാർബിളിൽ കൊത്തിയ ‘വീരചക്രം’ എന്ന വാചകം വായിച്ചിട്ടുണ്ടാകും.  തൃശൂർ റയിൽവേ സ്റ്റേഷന്റെ ചുമരിൽ ഒരു സൈനികന്റെ പേരിൽ മാത്രമേ ഫലകം ചാർത്തിയിട്ടുള്ളു. പാക്കിസ്ഥാനുമായുള്ള യുദ്ധകാലത്ത് അമൃത്‌സറിൽ രണ്ടു പാക്ക് ബോംബർ വിമാനങ്ങളെ വെടിവച്ചിട്ട ടീം ലീഡർ അത്താണിക്കൈ ബേസിൽ യേശുദാസന്റെ പേരും കുന്നംകുളത്തെ വീട്ടിലേക്കുള്ള ദൂരവും സഹിതം ആ ഫലകത്തില്‍ കൊത്തിയിട്ടുണ്ട്.

50 വർഷം മുൻപു സ്ഥാപിക്കപ്പെട്ടതാണ് ഈ വീരഫലകം. ആ വീരനായകൻ ഇപ്പോഴും  ജീവിച്ചിരിപ്പുണ്ട്. കുന്നംകുളത്തല്ല, പാലക്കാട് ജില്ലയിലാണെന്ന് മാത്രം. ആ സംഭവത്തിന് ഇപ്പോൾ അരനൂറ്റാണ്ട്. സമയം വൈകിട്ട് ആറ്. ബങ്കറിനുള്ളിൽനിന്നു പുറത്തിറങ്ങി ആകാശത്തേക്കു തോക്കുകൾ ഉന്നംവച്ചു കാത്തിരിക്കുകയാണു യേശുദാസന്റെ നേതൃത്വത്തിലുള്ള സംഘം.

ഇന്ത്യൻ പട്ടാളത്തിന്റെ സിഗ്നൽ സംവിധാനങ്ങളെ ലക്ഷ്യമിട്ടു രണ്ടു പാക്ക് വിമാനങ്ങൾ പറന്നുയർന്നുവെന്ന വിവരം ലഭിച്ചു. ഇരുൾ പടർന്നു തുടങ്ങുന്ന ആകാശത്തേക്കു നോക്കി ഹവിൽദാർ യേശുദാസനും സംഘവും ആദ്യം കണ്ട വിമാനത്തിന്റെ മിന്നായത്തിനു നേരെ കാഞ്ചി വലിച്ചു.വെടിയേറ്റ  വിമാനം താഴേക്ക്. അരമണിക്കൂറിനുള്ളിൽ വന്ന രണ്ടാം ബോംബറും സംഘത്തിന്റെ വെടിയുണ്ടയേറ്റു താഴെ വീണു. ഇന്ത്യൻ സേനയ്ക്കുണ്ടാകുമായിരുന്ന വലിയ നഷ്ടം ഒഴിവാക്കിയ യേശുദാസന് രാജ്യം വീരചക്രം സമ്മാനിച്ചു.

അന്നു റേഡിയോയിൽ ഹിന്ദിവാർത്തയിൽ യേശുദാസന്റെ പേരു കേട്ടു നാട്ടുകാർ വിചാരിച്ചതു യുദ്ധമേഖലയിൽ യേശുദാസൻ കൊല്ലപ്പെട്ടുവെന്നായിരുന്നു.  മാധ്യമങ്ങൾ വീട് തപ്പി എത്തിയപ്പോഴാണു വീരചക്രവിവരം അറിയുന്നത്. രണ്ടു മാസം കഴിഞ്ഞ്, കൃത്യം 50 വർഷം മുൻപ് യേശുദാസൻ ട്രെയിനിറങ്ങി. കുന്നംകുളത്തുനിന്നു വലിയൊരു സംഘം ജനങ്ങൾ പല വാഹനങ്ങളിൽ കാത്തുനിന്നു സ്വീകരിച്ചു. റയിൽവേ അന്നു ചുമരിൽ ഫലകം സ്ഥാപിച്ചു. കുന്നംകുളം നഗരത്തിലെ ഒരു റോഡിന് യേശുദാസൻ റോഡ് എന്നു പേരുമിട്ടു.