പത്മശ്രീ കരസ്ഥമാക്കാന്‍ പ്രിയദര്‍ശന്‍ തട്ടിപ്പ് കാണിച്ചതായി പരാതി; മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന് ആരോപണം

single-img
26 December 2015

42358957

കൊച്ചി: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ പത്മശ്രീ പുരസ്‌കാരം ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയതായി പരാതി. രണ്ടുതവണ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയെന്നും, സന്നദ്ധ സംഘടനയുടെ ഡയറക്റ്ററാണെന്നുമുളള വിവരങ്ങളാണ് പ്രിയദര്‍ശന്‍ നല്‍കിയത്. എന്നാല്‍ ഈ വിവരങ്ങള്‍ തെറ്റാണെന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആരോപണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ഇടപെട്ടതായും ജോമോന്‍ പറഞ്ഞു.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ജോമോന്‍ പരാതിപെട്ടിരിക്കുന്നത്. 2000ത്തിലും, 2007ലും ദേശീയ അവാര്‍ഡ് ലഭിച്ചെന്നാണ് പത്മശ്രീ പരിഗണനയ്ക്ക് പ്രിയദര്‍ശന്‍ നല്‍കിയ രേഖകളില്‍ കാണിച്ചിട്ടുളളത്. എന്നാല്‍ 2000ത്തില്‍ ശാന്തം എന്ന ചിത്രത്തിന് സംവിധായകന്‍ ജയരാജിനാണ് അവാര്‍ഡ് ലഭിച്ചത്. കൂടാതെ കുഷ്ഠരോഗികളെ പരിചരിക്കുന്ന സന്നദ്ധ സംഘടനയുടെ ഡയറക്റ്ററാണെന്ന പ്രിയന്റെ വാദവും തെറ്റാണെന്ന് ജോമോന്‍ പറയുന്നു.

ഇതിനുപുറമെ 2012ലെ പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി 2011 ഒക്‌റ്റോബറിലാണ് ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അന്തിമ പട്ടിക നല്‍കിയത്. ഇതില്‍ പ്രിയദര്‍ശന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് പ്രിയദര്‍ശനടക്കം മൂന്നുപേരുകള്‍ കൂടീ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ജോമോന്‍ ചൂണ്ടിക്കാട്ടി.

വ്യാജ വിവരങ്ങള്‍ നല്‍കി പ്രിയദര്‍ശന്‍ കരസ്ഥമാക്കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ പ്രധാനമന്ത്രിക്കും, കേന്ദ്ര മന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

സിനിമസാഹൂഹിക രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി 2012ലാണ് പ്രിയദര്‍ശനെ പത്മശ്രീ നല്‍കി ആദരിച്ചത്.