കൃഷിനാശം മൂലം ജനങ്ങള്‍ പട്ടിണികിടക്കുന്ന തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നു

single-img
23 December 2015

Telengana

കൃഷിനാശം മൂലം ജനങ്ങള്‍ പട്ടിണികിടക്കുന്ന തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നു. മേഡക് ജില്ലയിലെ എറാവെള്ളിയിലെ മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം നടക്കുന്നത്. യാഗത്തിന് ഏഴുകോടി രൂപ ചെലവാകുമെന്നും എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല പണം മുടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യാഗം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്താലാണ് നടത്തുന്നതെന്നും അതിനു ചെലവാകുന്ന വൈദ്യുത ചെലവ് വരെ സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

1500 ആചാര്യന്മാര്‍ പങ്കെടുക്കുന്ന യാഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം 50,000 ആളുകള്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷകര്‍ കൃഷിനാശം മൂലം പട്ടിണിയിലാകുമ്പോഴും മുഖ്യമന്ത്രിക്ക് യാഗവും യജ്ഞവുമാണ് പ്രധാനമെന്നാരോപിച്ച് യാഗത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

മുമ്പ് ചന്ദ്രശേഖര റാവു അഞ്ച് കോടിയുടെ ബസ് വാങ്ങിയത് നേരത്തെ വിവാദമായിരുന്നു. ബെഡ്‌റൂം, റെസ്റ്റ് റൂം, മീറ്റിങ് ഹാള്‍, ഇന്റര്‍നെറ്റ് സൗകര്യം, റൂഫ്‌ടോപ്പിലേക്കു കയറാന്‍ പടികള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമുള്ള ബുള്ളറ്റ് പ്രൂഫ് ബസാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തുക ചെലവാക്കി അന്ന് മുഖ്യമന്ത്രി വാങ്ങിയത്.