ആര്‍ ശങ്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ നിയിച്ചേനെയെന്ന് ഒ. രാജഗോപാല്‍

single-img
18 December 2015

R SHANKAR

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ശങ്കര്‍ ഇന്ന് ജിവിച്ചിരുന്നെങ്കില്‍ അദ്ദേഹം ബി.ജെ.പിയെ നയിച്ചേനെയെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍. സംഘപരിവാറുമായി ബന്ധം ആര്‍ ശങ്കറിനുണ്ടായിരുന്നുവെന്നും ജനസംഘത്തിന്റെ ഉദ്ഘാടനത്തിന് ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനസംഘത്തിന് അന്ന് സ്വാധീനമില്ലാത്തതുകൊണ്ടാകും അദ്ദേഹം ജനസംഘത്തില്‍ ചേരാതിരുന്നതെന്നും അതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചരിത്ര വസ്തുത വളച്ചൊടിക്കാനോ കണ്ണടച്ച് ഇരുട്ടാക്കാനോ പാടുപെടരുതെന്നും രാജഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ ചായ്‌വിനെ തുടര്‍ന്ന് മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ജനസംഘം രൂപീകരണത്തില്‍ പങ്കെടുത്തിരുന്നു. ഇന്നത്തെ യുവതലമുറക്ക് ഇത് ഓര്‍മ്മയില്ലെങ്കില്‍ തെറ്റുപറയാനാവില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ ചരിത്രം വളച്ചൊടിക്കരുതെന്നും രാജഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമാ അനാഛാദനത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനകനായി പങ്കെടുത്ത ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ അവസാന നിമിഷം ഒഴിവാക്കുകയും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി ചടങ്ങില്‍ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തിരുന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുകയായിരുന്നു. ആര്‍ ശങ്കറിനെ സംഘപരിവാറായി ചിത്രീകരിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ ശങ്കറും രംഗത്തെത്തിയിരുന്നു. തന്റെ പിതാവിനെ ആര്‍എസ്എസ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നുംമരണം വരെ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന കോണ്‍ഗ്രസുകാരനായിരുന്നു തന്റെ പിതാവെന്നും മോഹന്‍ ശങ്കര്‍ വ്യക്തമാക്കി.