പത്ത് സെന്റും വീടും ഉപജീവനത്തിന് ഒരു ഓട്ടോയും മാത്രം; എങ്കിലും ഒരു നേരത്തെ ഭക്ഷണവുമായി എല്ലാ ഞായറാഴ്ചയും പാതയോരങ്ങളിലെ അഗതികളെ തേടി സൈമണ്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറെത്തും

single-img
14 December 2015

Daivadoothanചാലക്കുടി: വിശപ്പ് മാറ്റുന്ന ‘തിരുകുടുംബത്തിലെ’  ദൈവദൂതന്‍.  ഒരുചാണ്‍ വയറിന്റെ വിശപ്പിനെ കണ്ടിട്ടും കാണാതെ പോകുന്നവരില്‍ നിന്നും വ്യത്യസ്തനാണ് സൈമണ്‍. ആഴ്ചയിലൊരിക്കല്‍ ചാലക്കുടി നഗരത്തിലെ അഗതികളുടെ വിശപ്പടക്കാന്‍ തന്റെ ഇല്ലായ്മയില്‍ സൈമണെന്ന മനുഷ്യസ്നേഹി എത്താറുണ്ട്. തന്റെ കൈയ്യിലുള്ള ഭക്ഷണപ്പൊതി അവരിലേക്ക് നീട്ടി അദ്ദേഹം അവിടെ നിന്നും യാത്ര തിരിക്കും. അടുത്ത ആഴ്ച സൈമണിന്റെ വരവും കാത്ത് അവര്‍ പ്രാര്‍ഥന യുമായി കാത്തിരിക്കും.

പാതയോരങ്ങളിലെ അഗതികൾക്ക് ഒരു നേരത്തെ ഭക്ഷണവുമായി എല്ലാ ഞായറാഴ്ചയും സൈമണെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ എത്താന്‍ കാരണമുണ്ട്. ഒരിക്കല്‍ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ചീ‍ഞ്ഞളിഞ്ഞ ഭക്ഷ്യവസ്തുക്കൾ എടുത്തു കഴിക്കാന്‍ നോക്കുന്ന വയോധികനും മുടന്തനുമായ യാചകന്റെ ശ്രമം സൈമണ്‍ നേരിൽ കാണുകയുണ്ടായി. അതില്‍ വിഷമം തോന്നിയ സൈമണ്‍ അയാളെ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി നൽകാൻ ശ്രമിച്ചെങ്കിലും ഹോട്ടലിലിരുത്തി ഭക്ഷണം നൽകാൻ‌ ഹോട്ടലുടമ തയാറായില്ല. തുടര്‍ന്ന് പൊതിച്ചോറ് വാങ്ങി നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

അന്നുതന്നെ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇവർക്ക് ഭക്ഷണം നൽകണമെന്ന് സൈമണ്‍ മനസ്സുറപ്പിച്ചു.സൈമണിന്റെ ഈ തീരുമാനത്തിന് പിന്തുണയുമായി ഭാര്യ ലിസിയും മക്കളായ സമീനയും സലീനയും സാവിയോയും ഒപ്പം കൂടി. കുടുംബത്തോപ്പം ഉണ്ടാക്കുന്ന ഭക്ഷണ പൊതി  തന്റെ ‘തിരുകുടുംബമെന്ന്’ പേരിട്ട ഓട്ടോറിക്ഷയിൽ മുരിങ്ങൂർ മുതൽ ചാലക്കുടി വരെയുള്ള മേഖലയിൽ രണ്ട് മണിക്കൂർ കൊണ്ട് നാൽപതോളം പേ‍ർക്ക് സൈമണ്‍ എത്തിച്ച് കൊടുക്കും.

ഒരിക്കൽ എസ്എച്ച് സ്കൂളിലെ കുട്ടികളുടെ ആഗ്രഹപ്രകാരം മാതാപിതാക്കളും അധ്യാപകരും ചേർന്ന് സൈമണിന്റെ നേതൃത്വത്തിൽ അഗതികളുടെ സംഗമമൊരുക്കി. അന്ന് 50 പേരാണ് അതിൽ പങ്കെടുത്തത്. പത്ത് സെന്റ് സ്ഥലവും വീടുമാണ് സൈമണിന്റെ ആകെയുള്ള സമ്പാദ്യം. ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന ചെറിയ വരുമാനത്തിൽനിന്നാണ് ഈ മുപ്പത്തിമൂന്നുകാരൻ അന്നദാനത്തിനുള്ള തുക കണ്ടെത്തുന്നത്. സൈമണിന്റെ ഫോൺ: 9446871578.