ഹോണ്ട സി.ബി. ഹോണറ്റ് 160 ആർ വിപണിയിൽ; വില 83,534 രൂപ മുതൽ

single-img
12 December 2015

bikeആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 160 സി.സി. എഞ്ചിനുമായി ഹോണ്ടയുടെ പുതിയ ബൈക്ക് സി.ബി.ഹോണറ്റ് 160 ആർ വിപണിയിലെത്തിച്ചു. 83,473 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. കംബൈൻഡ് ബ്രേക്കിങ് സിസ്റ്റമുള്ള (സി.ബി.എസ്) മോഡലിന് 87,973 രൂപ വിലയുണ്ട്. സ്റ്റാൻഡേഡ് മോഡലിന്റെ ഓൺറോഡ് വില 91,992 രൂപയും സി.ബി.എസിന്റേത് 96,904 രൂപയുമാണ്. അയ്യായിരം രൂപ കൊടുത്ത് ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയുന്ന ഒരു മൊബൈൽ ആപ്പും ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്.

2015ൽ പുറത്തിറക്കുമെന്ന് ഹോണ്ട വാഗ്ദാനം ചെയ്ത പതിനഞ്ച് വണ്ടികളിൽ അവസാനക്കാരനാണ് സി.ബി. ട്വിസ്റ്ററിന് പകരമെത്തിയ സി.ബി.ഹോണറ്റ് 160 ആർ. ഇക്കഴിഞ്ഞ ആഗസ്തിലാണ് ഹോണ്ട ഈ മോഡലിനെ ആദ്യമായി അവതരിപ്പിച്ചത്. കരുത്തിനൊപ്പം തന്നെ കാണാനഴകുമുള്ള ഈ ബൈക്ക് വഴി വിദ്യാർഥികളും എക്സിക്യുട്ടീവുകളും അടങ്ങുന്ന വലിയൊരു വിഭാഗം യുവാക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് പൊസിഷൻ ലാമ്പുകളും മുകളിലേയ്ക്ക്ക്കുള്ള രണ്ട് ഇൻഡിക്കേറ്ററുകളും അടക്കം ബോഡിയുടെ ഒഴുക്കിന് ചേർന്ന കൂർത്ത ഹെഡ്‌ലൈറ്റാണ് ബൈക്കിനുള്ളത്. യൂണിക്കോണിന് സമാനമായ ഡിജിറ്റൽ സ്പീഡോമീറ്റർ മറ്റൊരു ആകർഷണമാണ്. ഹോണ്ട സി.ബി. യൂണിക്കോൺ 160യിൽ ഉപോഗിച്ച ആതേ 163 സി.സി. ഒറ്റ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഹോണറ്റിലും ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 14.5 ബി.എച്ച്.പി. കരുത്തും 14.61 എൻ.എം. ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു.

അഞ്ച് സ്പീഡ് ഗിയർബോക്‌സ് ഉപയോഗിക്കുന്ന ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. ഉയർന്ന ഇന്ധനക്ഷമത ലഭിക്കുന്ന ഹോണ്ടയുടെ എക്കോ സാങ്കേതിക വിദ്യയായ എച്.ഇ.റ്റി (HET) സംവിധാനം  ഇതിലും ഉൾക്കൊള്ളിച്ചിരിക്കുന്നുണ്ട്. 45-50 കിലോമീറ്റർ മൈലേജാണ് ഹോണ്ടയുടെ വാഗ്ദാനം.

മുൻപിൽ ടെലിസ്‌കോപ്പിക്ക് ഫോർക്കും പിന്നിൽ മോണോ ഷോക്ക് യൂണിറ്റുമാണ് സസ്പെൻഷനുകൾ. സാധാരണ മോഡലിൽ പെറ്റൽ ബ്രേക്കും കൂടിയ മോഡലിൽ ഹോണ്ടയുടെ കമ്പൈൻഡ് ബ്രേക്കിങ് സിസ്റ്റവും (CBS) ലഭ്യമാണ്. ഈ വിഭാഗത്തിൽ ബി.ഐ.എസ്. എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യ ബൈക്കാണിത്. മെയിന്റേനൻസ് ഫ്രീ ബാറ്ററിയും പതിനെട്ടായിരം കിലോമീറ്ററിൽ മാറ്റിയാൽ മതിയാകുന്ന വിസ്‌ക്കോസ് പേപ്പർ ഫിൽറ്ററുമാണ് ബൈക്കിലുള്ളത്. കൂടാതെ കൗണ്ടർ ബാലൻസർ ഉപയോഗിക്കുന്നതിനാൽ വിറയൽ അധികം അനുഭവപ്പെടാത്ത സുഖമമായ യാത്രയും ഹോണറ്റ് പ്രധാനം ചെയ്യുന്നു.

നിയോ ഓറഞ്ച് മെറ്റാലിക്, പേൾ അമേസിങ് വൈറ്റ്, സ്‌പോർട്‌സ് റെഡ്, പേൾ സൈറൻ ബ്ലു, പേൾ നൈറ്റ്‌സ്റ്റാർ ബ്ലാക്ക് എന്നിങ്ങിനെ അഞ്ച് നിറങ്ങളിൽ സി.ബി.ഹോണറ്റ് 160 ആർ ലഭ്യമാണ്. സുസുക്കി ജിക്സ്സർ, യമഹ എഫ്.സി-എഫ് വൺ, ബജാജ് പൾസർ എ.എസ് 150 എന്നിവയയാണ് ഹോണറ്റിന്റെ മുഖ്യ എതിരാളികൾ.