മുല്ലപ്പെരിയാറിന്റെ തീരങ്ങളില്‍ ജനങ്ങള്‍ ജീവന്‍ പണയംവെച്ച് ജീവിക്കുമ്പോള്‍ അണക്കെട്ടില്‍ തമിഴ്ഉദ്യോഗസ്ഥര്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നു

single-img
11 December 2015

Mullaperiyar

കേരളത്തിന്റെ തലയ്ക്കുമുകളില്‍ തൂങ്ങുന്ന വാളായ മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് താഴ്ത്തി പെരിയാറ്റിലേക്കുള്ള വെള്ളമൊഴുക്ക് പൂര്‍ണമായും തടഞ്ഞു. ജലനിരപ്പ് 142 അടിയോടടുത്തുനില്‍ക്കുമ്പോള്‍ ഇന്നലെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കുടുംബസമേതം അണക്കെട്ടില്‍ ഉല്ലാസയാത്രയും നടത്തി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് തമിഴ്‌നാടിനെ എല്ലാ ഷട്ടറുകളും താഴ്ത്താന്‍ പ്രേരിപ്പിച്ചത്. സെക്കന്‍ഡില്‍ 2220 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2000 ഘനയടി വെള്ളം സെക്കന്‍ഡില്‍ തമിഴ്‌നാട് കൊണ്ടുപകുന്നുണ്ട്. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 141.68 അടിയായിട്ടുണ്ട്.

ഉല്ലാസയാത്ര നടത്താനെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥരെ വനപാലകര്‍ ബോട്ട് ലാന്‍ഡിംഗില്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ വകവെച്ചില്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കുന്നത് മിക്കസമയത്തും തടസപ്പെടുത്തുന്നതിനിടയിലാണ് തമിഴ്‌നാടിന്റെ ഈ തോന്ന്യവാസം. സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് പാട്ടക്കരാറിന്റെ ബലത്തില്‍ ജലാശയത്തില്‍ ഉല്ലാസയാത്രയ്ക്ക് വളംവെച്ചു കൊടുക്കുകയാണ് തമിഴ്‌നാട്.