ക്ഷേത്രസ്വത്ത് സർക്കാർ കൈയ്യിട്ടുവാരുന്നുവെന്ന പ്രസംഗം താൻ നടത്തിയിട്ടില്ലെന്ന് ചാനൽ ചർച്ചയിൽ ശശികല; 24 മണിക്കൂറിനകം തെളിവ് സമർപ്പിക്കാൻ കഴിയുമോയെന്ന ശശികലയുടെ വെല്ലുവിളിയ്ക്ക് മണിക്കൂറുകൾക്കകം സി.ഡി നൽകി വി.ഡി. സതീശൻ

single-img
9 December 2015

screen-11.58.42[09.12.2015]കൊച്ചി: ക്ഷേത്രസ്വത്ത് സർക്കാർ കൈയ്യിട്ടുവാരുന്നു എന്ന വിവാദ പരാമർശത്തെ ആസ്പദമാക്കി നടത്തിയ റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി. ക്ഷേത്രസ്വത്ത് സർക്കാരിലേക്ക് പോകുന്നുവെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ആരോപിച്ചിരുന്നു. താൻ അങ്ങനെയൊരു പ്രസ്താവന നടത്തിയതായി തെളിയിക്കാൻ റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്‌സ് അവറിൽ ശശികല വിഡി സതീശൻ എംഎൽഎയെ വെല്ലുവിളിച്ചു. വെല്ലുവിളിക്ക് മറുപടിയായി മണിക്കൂറുകൾക്കകം ശശികലയുടെ പ്രസംഗത്തിന്റെ സി.ഡി സതീശൻ റിപ്പോർട്ടർ ചാനലിൽ കൂടിതന്നെ പുറത്തു വിട്ടു.

ക്ഷേത്ര സ്വത്ത് നേരിട്ട് സർക്കാരിലേക്ക് പോകുന്നുവെന്നും ഹൈന്ദവ സമൂഹത്തെ പിഴിഞ്ഞ് എടുക്കുകയാണെന്നും വിശദീകരിക്കുന്ന ശശികലയുടെ പ്രസംഗമാണ് സതീശൻ പുറത്ത് വിട്ടത്.

ക്ഷേത്രവരുമാനമായി ലഭിക്കുന്ന പണം സർക്കാർ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നതും ട്രഷറിയില്‍ നിക്ഷേപിക്കുന്നുവെന്നതും തന്റെ പ്രചരണമല്ലെന്ന് ശശികല ടീച്ചർ പറഞ്ഞു. പണം സർക്കാർ നേരിട്ട് ഉപയോഗിക്കുന്നില്ല പക്ഷെ കൈകാര്യം ചെയ്യുന്നത് സർക്കാർ ആണെന്നായിരുന്നു തന്റെ പ്രസ്താവന. ആ പണം ഹൈന്ദവ സമൂഹത്തിന് പ്രയോജനത്തിനെത്തുന്നില്ല എന്നത് സത്യമാണ്. രാഷ്ട്രീയക്കാരല്ല ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് പല കമ്മീഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഏതു രാഷ്ട്രീയ മുന്നണികൾക്കും ദേവസ്വം സംബന്ധിച്ച കാര്യത്തിൽ ഇടപെടാമെന്നാണ് നിലവിലെ അവസ്ഥ, ശശികല ചർച്ചയിൽ പറഞ്ഞു..

എന്നാൽ ശശികല ടീച്ചറുടെ എല്ലാ പ്രസംഗങ്ങളും വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളാണെന്ന് വിഡി സതീശൻ എംഎൽഎ പ്രതികരിച്ചു. ശബരിമലയിൽ ഭക്തർ കാണിക്കയായി അർപ്പിക്കുന്ന പണം ഉൾപ്പെടെയുള്ള ക്ഷേത്രവരുമാനം സർക്കാർ വകമാറ്റി ചെലവഴിക്കുന്നുണ്ടെന്ന് പ്രചരണം കേരളത്തിൽ സംഘപരിവാറുൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ നടത്തുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ സർക്കാർ ഇതിൽ നിന്നും ഒരു രൂപ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല വർഷംതോറും കൃത്യമായ ഓഡിറ്റിംഗും നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രവരുമാനം സംബന്ധിച്ച ഓഡിറ്റിംഗ് നടക്കുന്നത്. അതു മാത്രമല്ല ഇത്തരത്തിൽ ലഭിക്കുന്ന തുക സർക്കാർ ചെലവഴിക്കുന്നത് ക്ഷേത്ര വികസനത്തിനു തന്നെയാണ്, ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തുക മാത്രമല്ല അതിനോടൊപ്പം തന്നെയുള്ള മറ്റൊരു തുകയും അധികമായി സർക്കാർ ക്ഷേത്രങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നുവെന്നതാണ് വാസ്തവം. അതായത് ക്ഷേത്രങ്ങൾക്കു വേണ്ടി സർക്കാർ അങ്ങോട്ടു പണം നൽകുകയാണ്, സതീഷൻ വ്യക്തമാക്കി.

ശശികല പൊതു യോഗത്തിൽ പറഞ്ഞതും ഇപ്പോൾ പറയുന്നതും സംബന്ധിച്ച വളരെ വ്യത്യാസമുണ്ട്. സംഘടനയുടെ നിലപാട് ഇതിൽ ഏതാണെന്ന് അവർ വ്യക്താമാക്കണം, ആവശ്യമെങ്കിൽ അവരുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപത്തിന്റെ സിഡി ചാനലിൽ ഹാജരാക്കാമെന്നും വിഡി സതീശൻ പറഞ്ഞു. അങ്ങനെയെങ്കിൽ പണം സർക്കാർ നേരിട്ട് കൊണ്ടു പോകുന്നുവെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ വിഡി സതീശൻ അത് ചാനലിലൂടെ കാണിക്കണമെന്ന് ശശികല വെല്ലുവിളിച്ചു. വെല്ലുവിളി നടത്തി മണിക്കൂറുകൾക്കകം സതീഷൻ സിഡി ചാനലിലൂടെ കാണിക്കുകയായിരുന്നു.
.

തന്റെ മുന്നിൽ വരുന്ന ജനങ്ങളെ അകറ്റാനായുള്ള അജണ്ടയുടെ ഭാഗമാണ് താൻ പറഞ്ഞ വാക്കുകളെ നേതാക്കൾ ഇങ്ങനെ വിമർശിക്കുന്നത്. ഹിന്ദുവുമായി ബന്ധപ്പെട്ട വിഷമായതു കൊണ്ടാണ് ദേവസ്വത്തിന്റെ വിഷയത്തിൽ ഇടതം വലതും മുന്നണികള്‍ ഒന്നായതെന്നും ശശികല ആരോപിച്ചു.

ക്രിസ്ത്യൻ പളളിക്കും മുസ്ലീം പള്ളിക്കും ലഭിക്കുന്ന വരുമാനം അവർതന്നെ ഉപയോഗിക്കുന്നു. എന്നാൽ ക്ഷേത്രങ്ങൾക്കു ലഭിക്കുന്ന വരുമാനം സർക്കാർ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം ശശികല പ്രസംഗത്തിൽ നടത്തിയിരുന്നു. വിഡി സതീശൻ സമർപ്പിച്ച ഓഡിയോയിൽ അവർ ഇത് പറഞ്ഞിരുന്നത് വ്യക്തമാണ്. വിശ്വാസിയുടെ പണം കൊള്ളയടിക്കുകയാണ് എന്ന രീതിയിലാണ് ഈ പ്രചാരണം. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന സമത്വ മുന്നേറ്റ യാത്രയിലും ഇതിന് സമാനമായ പ്രചാരണം നടന്നിരുന്നു.

ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചരണത്തിനെതിരെ ദേവസ്വം മന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു .ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കുകയല്ല മറിച്ച് ക്ഷേത്രങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് വി എസ് ശിവകുമാര്‍ വ്യക്തമാക്കി.വര്‍ഗ്ഗിയതയുടെ വിഷ വിത്ത് വിതക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ചൂണ്ടികാട്ടി വി ടി സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നത് അവാസ്തവ പ്രചരണമാണെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 231.38 കോടിരൂപ ക്ഷേത്രങ്ങളുടെ വികസനത്തിനായി ചെലവഴിച്ചുട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി ദേവസ്വം ബോര്‍ഡിനു മാത്രമായി രണ്ടുകോടി രൂപയും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 61 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.ശശികല അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ കുറെക്കാലമായി പ്രചരിപ്പിച്ചു കൊണ്ടിരുന്ന കള്ള പ്രചരണമാണു മന്ത്രിയുടെ പ്രസ്താവനയോടെ പൊളിഞ്ഞത്.ഇതിനെ തുടർന്നാണു ക്ഷേത്രസ്വത്ത് സർക്കാർ കൈയ്യിട്ടുവാരുന്നുവെന്ന പ്രസംഗം താൻ നടത്തിയിട്ടില്ലെന്ന് ശശികല പറഞ്ഞത്[mom_video type=”youtube” id=”sLPVqr3kNJQ”]