തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
9 December 2015

rekha

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ടി.വിയില്‍ ചാനല്‍ മാറ്റുന്നതിനിടെ അണക്കെട്ട് തുറന്നുവിട്ട വിവരം അറിഞ്ഞ രേഖ വീടിനു പുറത്തു ആളുകളുടെ ബഹളവും കേട്ട് മടിയില്‍ കിടന്നുറങ്ങുകയായിരുന്ന മകന്‍ ജനീഷിനെയും എടുത്ത് വീടിനു പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് നടത്തിയ ഈ പ്രവര്‍ത്തിയിലൂടെ തങ്ങളുടെ ജീവനാണ് അപകടത്തിലാക്കിയെന്നും കോളനി നിവാസികള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതിന്റെ ഭീതി ഇനിയും ഇവരില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. അണക്കെട്ടിന്റെ താഴ്‌വാരത്ത് ഏറ്റവും അടുത്ത് കഴിയുന്നവരാണ് ഇന്നും ഭീതിയോടെ കഴിയുന്നത്.

അണക്കെട്ട് തുറന്നു വിട്ടതോടെ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേട്ട് അണക്കെട്ട് പൊട്ടിയതാണെന്നോര്‍ത്ത് നിരവധിപേര്‍ വീടിനു പുറത്തേക്കിറങ്ങി ഓടിയവര്‍ നിരവധിയാണ്. മുന്നറിയിപ്പില്ലാത്തതിനാല്‍ അങ്ങനെ കരുതാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളുശവന്നും ജനങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് അണക്കെട്ടു തുറന്നവിവരം ഇവിടുള്ളവര്‍ അറിയുന്നത്. ടി.വിയില്‍ അറിയിപ്പ് കണ്ടാണ് ചിലര്‍ വിവരം അറിഞ്ഞത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌വാരത്തെ പൊന്‍നഗര്‍ കോളനിയില്‍ 42 കുടുംബങ്ങളാണുള്ളത്. കുട്ടികള്‍ അടക്കം 200 നു മുകളില്‍ അംഗങ്ങളുണ്ട്. അണക്കെട്ട് തുറന്നുവിട്ട സമയത്ത് വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടതും മഴയും ഭീതി വര്‍ധിപ്പിച്ചു. കൊച്ചുകുട്ടികളെയും കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.