ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റപെട്ടുപോയ ബധിരമൂക വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണപ്പൊതികളുമായി സംഗീത സംവിധായകന്‍ ഇളയ രാജ നേരിട്ടെത്തി

single-img
5 December 2015

ilayaraja

ചെന്നൈ: വെള്ളപ്പൊക്കത്തില്‍ ഒറ്റപെട്ടുപോയ അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രായവും അവശതകളേയും അവഗണിച്ച് കൈത്താങ്ങുമായി സംഗീത മാന്ത്രികന്‍ ഇളയരാജ. കനത്ത വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ അന്ധരും ബധിരരും മൂകരുമായ കുട്ടികള്‍ക്കായുള്ള നുങ്കംപക്കത്തെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലേക്കാണ് ഭക്ഷണപ്പൊതികളുമായി ഇളയരാജ കടന്നു ചെന്നത്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നുങ്കംപക്കം ഒറ്റത്തുരുത്തായി മാറിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകി.

ഭക്ഷണവും വെള്ളവുമില്ലാതെ കുട്ടികള്‍ വലയുന്ന കാര്യമറിഞ്ഞ ഇളയരാജ പ്രദേശത്തേക്ക് സാധനങ്ങളുമായി എത്തുകയായിരുന്നു. എത്തിച്ചേരാന്‍ ദുഷ്‌കരമായ നുങ്കംപക്കത്തേക്ക് ചങ്ങാടത്തില്‍ വളരെ ബദ്ധപ്പെട്ടാണ് ഇളയരാജയും കൂട്ടരും സ്‌കൂളിലെത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികളും കുടിവെള്ളവും എത്തിച്ചുനല്‍കിയ ശേഷം അവരോടൊപ്പം കുറച്ച് സമയം ചെലവഴിച്ചിട്ടാണ് ഇളയരാജ തിരിച്ചുപോയത്.

ചെന്നൈയിലെ കനത്ത മഴയിലും വെള്ളക്കെട്ടിലും ദുരിത്തത്തിലായ ജനങ്ങളെ സഹായിക്കാനായി നിരവധി കലാ സാംസ്‌കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വളരെ ചുരുക്കം പേരാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് നേരിട്ട് സഹായവുമായി എത്തിയത്. തന്റെ പ്രായവും ആരോഗ്യവും വകവെയ്ക്കാതെയാണ് ഇളയരാജ സഹായഹസ്തവുമായി എത്തിയത്.