വര്‍ഗീയ പ്രസംഗം:വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു

single-img
30 November 2015

downloadകോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആലുവ പോലീസാണ് കേസ് എടുത്തത്. ഐ.പി.സി 153 (എ) പ്രകാരമാണ് കേസ് എടുത്തത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കേസെടുത്ത വിവരം അറിയിച്ചത്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വെള്ളാപ്പള്ളിയുടെ പ്രസംഗം വര്‍ഗീയ വേര്‍തിരിവാണ്. വെള്ളാപ്പള്ളിക്ക് വര്‍ഗീയതയുടെ വൈറസ് ബാധിച്ചതായും ഇതിനുള്ള മരുന്ന് ജനം നല്‍കുമെന്നും ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്റെയും ടി.എന്‍ പ്രതാപന്റെയും കത്ത് ലഭിച്ചിരുന്നതായും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ടമായ നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീമായതു കൊണ്ടാണെന്ന വിവാദപരമായ പ്രസ്താവനയെ തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തിരിക്കുന്നത്. ആലുവ പോലീസ് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.