മലയാളിയുടെ ഭക്ഷ്യസംസ്‌കാരവും നിയന്ത്രിയ്ക്കുന്നത് വിദേശിയാണെന്ന് ശ്രീനിവാസന്‍

single-img
30 November 2015

sreenivasan

കോഴിക്കോട്: ഇന്ന് മലയാളി എന്ത് ഭക്ഷണം കഴിക്കണമെന്ന കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് വിദേശിയാണെന്ന് നടന്‍ ശ്രീനിവാസന്‍. കെ.എഫ്.സി, മക്‌ഡൊണാല്‍ഡ്‌സ് തുടങ്ങിയ കുത്തക ഭക്ഷണ കമ്പനികള്‍ മലയാളിയുടെ ഭക്ഷ്യസംസ്‌കാരം മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ടി. മുഹമ്മദ് സാദിഖിന്റെ ‘കൃഷിനന്മകളുടെ കാവല്‍ക്കാരന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ കുത്തക ഭക്ഷണ കമ്പനികള്‍ അമേരിക്കയില്‍ പൊലും അടച്ചുപൂട്ടുന്ന സാഹചര്യത്തിലാണ് അവര്‍ നമ്മുടെ നാട്ടില്‍ നിലയുറപ്പിക്കുന്നത്. അവരുടെ നിലനില്‍പ്പിന്റെ ആധാരശില നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷമുള്ള പച്ചക്കറികളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഉപയോഗം മൂലം പണം മുഴുവന്‍ ആശുപത്രിയില്‍ ചെലവാക്കേണ്ട അവസ്ഥയാണ് ഇന്ന് മലയാളിയ്ക്കുള്ളതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

കാഞ്ചനമാല ശ്രീനിവാസനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. ഒലീവ് പബ്ലിക്കേഷന്‍സാണ് ‘കൃഷിനന്മകളുടെ കാവല്‍ക്കാരന്‍’ പുസ്തകം പ്രസിദ്ധീകരിച്ചത്. മന്ത്രി ഡോ. എം.കെ മുനീര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക അന്നമ്മ ദേവസ്യ ആശംസകളര്‍പ്പിച്ച ചടങ്ങില്‍ ഒലീവ് പബ്ലിക്കേഷന്‍സ് മാനേജര്‍ അര്‍ഷാദ് ബത്തേരി സ്വാഗതപ്രസംഗവും സബ് എഡിറ്റര്‍ ഗിരീഷ് കാക്കൂര്‍ നന്ദി പ്രസംഗവും നിര്‍വഹിച്ചു.