കഴിഞ്ഞ ഒമ്പതു മാസത്തിനിടെ കേരളത്തില്‍ കുട്ടികള്‍ക്കെതിരെ 1139 ലൈംഗികാതിക്രമങ്ങള്‍

single-img
30 November 2015

rape-minor

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കിടെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെ നടന്നത് 1139 ലൈംഗികാതിക്രമങ്ങള്‍. മലപ്പുറം ജില്ലയിലാണ് ഇത്തരത്തിലുള്ള കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് 143 എണ്ണവും തിരുവനന്തപുരം ജില്ലയില്‍ 112 എണ്ണവും റിപ്പൊര്‍ട്ട് ചെയ്തു. 92 കേസുകളുള്ള പാലക്കാടാണ് നാലാം സ്ഥാനത്ത്.

2013ല്‍ ആകെ 1002 കേസുകളാണുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഒമ്പതുമാസത്തിനിടെയാണ് ലൈംഗികകുറ്റങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം ഇത്രയും കേസുകളെടുത്തിരിക്കുന്നത്.
2013, 2014 വര്‍ഷങ്ങളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതായാണ് കണക്കുകള്‍. ഏറ്റവും കുറവ് കേസുകള്‍ കോട്ടയത്താണ്, 38 എണ്ണം.

കുട്ടികള്‍ക്കെതിരായുള്ള പൊതുവായ കുറ്റകൃത്യങ്ങളും കൂടുകയാണ്. സപ്തംബര്‍ വരെ ഇത്തരം 1759 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. സപ്തംബര്‍വരെയുള്ള പ്രധാന കണക്കുകള്‍ ഇങ്ങനെ: ഈവര്‍ഷം കൊല്ലപ്പെട്ടത് 27 കുട്ടികള്‍, മാനഭംഗക്കേസുകള്‍ 539, തട്ടിക്കൊണ്ടുപോകല്‍ 116, ശൈശവവിവാഹം 9 കേസുകള്‍, കുട്ടിക്കച്ചവടം രണ്ടു കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകളെടുത്തത് ജൂലായില്‍. 2008ല്‍ ഇത് 549 എണ്ണം മാത്രമായിരുന്നെങ്കില്‍ 2014ല്‍ 2286 ആയി.
ഇക്കൊല്ലം ഇതുവരെയുള്ള കണക്കുപ്രകാരം അത് കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കിടയിലെ ബോധവത്കരണവും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതും കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്.