രാജീവ് ഗാന്ധി സര്‍ക്കാര്‍ ‘സാത്തനിക് വേഴ്‌സസ്’ നിരോധിച്ചത് തെറ്റായിപ്പോയെന്ന് പി.ചിദംബരം

single-img
29 November 2015

chidambaramദില്ലി: 1988ലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകം ‘സാത്തനിക് വേഴ്‌സസ്’ നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം.  ഏറെ വിവാദമായ പുസ്തകമാണ് സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന പുസ്തകം. ഇതിനെതിരെ ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

മുസ്ലീം മതവിശ്വാസികള്‍ക്കെതിരെന്ന കാരണത്താലായിരുന്നു ഫത്‌വ.   അന്ന് രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം.  അന്നും തന്റെ അഭിപ്രായം ഇതുതന്നെയായിരുന്നെന്നും ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ഇതേ കാര്യം താന്‍ പറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെയും ചിദംബരം പ്രതികരിച്ചു.

വര്‍ധിച്ചുവരുന്ന അസഹിഷ്ണുത തന്നെ ആശങ്കയിലാക്കുന്നെന്ന് ചിദംബരം പറഞ്ഞു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു നല്ല രാജ്യം കെട്ടിപ്പടുക്കാന്‍ മോശം ആശങ്ങളെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.