ഷീനബോറ വധക്കേസ്; പീറ്റര്‍ മുഖര്‍ജിയെ ;നുണ പരിശോധനയ്ക്കു വിധേയനാക്കി

single-img
29 November 2015

sheenaമുംബൈ: ഷീനബോറ വധക്കേസില്‍ പിടിയിലായ  പീറ്റര്‍ മുഖര്‍ജിയെ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നുണ പരിശോധനയ്ക്കു വിധേയനാക്കി. മുംബൈ കോടതി തിങ്കളാഴ്ച വരെ റിമാന്‍ഡ് നീട്ടി നല്‍കിയ പീറ്റര്‍ മുഖര്‍ജിയെ ചോദ്യംചെയ്യലിനായി സി.ബി.ഐ ഉദ്യേഗസ്ഥര്‍ വീണ്ടും ന്യൂഡല്‍ഹിക്ക് കൊണ്ടുപോയിരുന്നു. പീറ്റര്‍ മുഖര്‍ജിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി.ബി.ഐ. തീരുമാനിച്ചത്.

സി.ബി.ഐ.യുടെ തീരുമാനത്തിന് കോടതിയും അനുമതി നല്‍കിയതോടെ പീറ്റര്‍ മുഖര്‍ജിയും നുണപരിശോധനയ്ക്ക് വിധേയനാകാന്‍ സമ്മതിച്ചു. ശനിയാഴ്ച ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് അദ്ദേഹത്തിന്റെ നുണപരിശോധന ആരംഭിച്ചത്. വെള്ളിയാഴ്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ആറുമണിക്കൂറോളം തുടര്‍ച്ചയായി മുഖര്‍ജിയെ ചോദ്യം ചെയ്തിരുന്നു.

ഷീനയുടെ കൊലയെക്കുറിച്ച് പീറ്റര്‍ മുഖര്‍ജിക്ക് മുന്നറിയിപ്പ് ഉണ്ടായിരുന്നുവോ, വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവോ, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നോ, ഷീനയുടെ തിരോധാനത്തിനും കൊലയ്ക്കും പിന്നില്‍ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും പങ്കാളികളായ നയണ്‍എക്‌സ് കമ്പനി ലിമിറ്റഡിന്റെ പണം ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നോ എന്നീ കാര്യങ്ങളാണ് സി.ബി.ഐ. അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍, മൊഴികളില്‍ വൈരുദ്ധ്യം കണ്ടതാണ് പോളിഗ്രാഫ് ടെസ്റ്റ് എന്ന നുണപരിശോധനയിലേക്ക് നയിച്ചത്.

ശനിയാഴ്ച പരശോധനയില്‍ പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയിലും പലതും പീറ്റര്‍ മുഖര്‍ജി ഒളിച്ചുവെക്കുന്നതായി തെളിഞ്ഞതായി സി.ബി.െഎ. വൃത്തങ്ങള്‍ അറിയിച്ചു. എങ്കിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയുടെ അവസാനഫലം തയ്യാറായാലേ എന്തെങ്കിലും ഉറപ്പായ നിഗമനത്തിലെത്താന്‍ സി.ബി.ഐക്ക് കഴിയു.