അസഹിഷ്ണുതയ്ക്കെതിരെ പോരാടേണ്ടത് പരസ്പരം തല്ലുണ്ടാക്കിയല്ല, മറിച്ച് ഭാവനാപരമായി നേരിടണം- എ.ആർ റഹ്മാൻ

single-img
28 November 2015

arrahmanപനാജി: അസഹിഷ്ണുതയ്ക്കെതിരെ പോരാടേണ്ടത് പരസ്പരം തല്ലുണ്ടാക്കിയല്ലെന്നും മറിച്ച് അക്രമരഹിതമായും ഭാവനാപരമായും നേരിടണമെന്ന് വിശ്വപ്രശസ്ത സംഗീതക്ഞൻ ഏ.ആർ റഹ്മാൻ. ഏത് തരത്തിലുള്ള സമരമായാലും അതിൽ കുലീനതയുണ്ടാവണം. മറിച്ച് അതിന്റെ പേരിൽ ജനങ്ങൾ പരസ്പരം പോരടിക്കാനുള്ള അവസ്ഥയുണ്ടാവരുതെന്നും റഹ്മാൻ പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാൻ തന്റെ മനസ്സ് തുറന്നത്.

നാം എന്ത് ചെയ്താലും അതിൽ കുലീനത ഉണ്ടാകണം. അത് തന്നെയാണ് സമരങ്ങളുടെ കാര്യത്തിലും ഉണ്ടാവേണ്ടത്. തങ്ങളുടെ ബുദ്ധി ഉപയോഗപ്പെടുത്തി ഭാവനാപരമായി ഇതിനെ നേരിടുകയാണ് വേണ്ടത്, റഹ്മാൻ പറയുന്നു. അഹിംസയുടെ പാഠങ്ങൾ നമുക്ക് കാണിച്ചുതന്ന ഗാന്ധിയെയാണ് നാം ഇവിടെ മാതൃകയാക്കേണ്ടതെന്നും റഹ്മാൻ അഭിപ്രായപ്പെട്ടു.

നമ്മൾ ഗാന്ധിജിയുടെ മണ്ണിലാണ് ജീവിക്കുന്നത്. അഹിംസയുടെ മാർഗ്ഗത്താൽ വലിയ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് മഹാത്മ ഗാന്ധി. അതിനാൽ ഗാന്ധിജിയുടെ നാട്ടുകാരായ നമ്മൾ അദ്ദേഹത്തിന്റെ മാർഗ്ഗം സ്വീകരിച്ച് ലോകത്തിന് മുന്നിൽ ഉത്തമ മാതൃകയായി മാറുകയാണ് വേണ്ടതെന്നും റഹ്മാൻ പറഞ്ഞു.

രാജ്യത്ത് മുസ്ലീംഗങ്ങൾ സുരക്ഷിതരാണോ എന്ന് ചോദിച്ചപ്പോൾ അതിനുത്തരം പറയാൻ ഞാൻ ആളല്ല എന്നായിരുന്നു റഹ്മാന്റെ മറുപടി. കുടാതെ സ്കൂൾ വിദ്യാഭ്യാസം മുതൽ കുട്ടികളെ സംഗീതവും നിർബന്ധമായി അഭ്യസിപ്പിക്കണം എന്ന സംഗീതക്ഞൻ ഇളയരാജയുടെ അഭിപ്രായത്തോട് റഹ്മാൻ പൂർണ്ണമായും യോജിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീതം മനസ്സിൽ കരുണ നിറയ്ക്കും അതിനാൽ തന്നെ ഇളയരാജയുടെ അഭിപ്രായമാണ് തനിക്കും എന്ന് റഹ്മാൻ പറഞ്ഞു.

ആമിർ ഖാന്റെ വിഷയത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ എന്നെ കുഴപ്പത്തിലാക്കരുത് എന്നായിരുന്നു റഹ്മാൻ പ്രതികരിച്ചത്.