സർക്കാർ മേഖലയിൽ ക്ഷയരോഗനിർണ്ണയ മരുന്നുകൾ കിട്ടാനില്ല; സാധാരണക്കാർ ദുരിതത്തിൽ

single-img
28 November 2015

medicinതിരുവനന്തപുരം: ക്ഷയരോഗ നിർണയത്തിനും ചികിത്സക്കുമുള്ള മരുന്നുകൾക്ക് സർക്കാർ മേഖലയിൽ ദൗർലഭ്യം അനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പരിപാടികൾ അവതാളത്തിൽ. ക്ഷയരോഗ അണുബാധ നിർണയിക്കാനുള്ള മാന്റോ പരിശോധനാ മരുന്ന് കേന്ദ്രസർക്കാർ വിതരണം നടത്തിയിട്ട് മാസങ്ങളായി. ഇതുകാരണം സംസ്ഥാന ടി.ബി. സെന്ററിൽ എത്തുന്ന രോഗികളെ ഡോക്ടർമാർ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടുകയാണ്.

പുണെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് മാന്റോ പരിശോധനാ മരുന്ന് രാജ്യമെമ്പാടും നൽകിയിരുന്നത്. എന്നാൽ രണ്ടുവർഷം മുമ്പ് ഇവരുടെ പ്ലാന്റുകൾ പലതും പൂട്ടിയതോടെ ഉത്പാദനം നിലക്കുകയും ഇതോടെ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന നിലവാരമുള്ള മരുന്നുകളുടെ വിതരണം അവസാനിക്കുകയും ചെയ്തു. ഇപ്പോൾ സ്റ്റോക്കുള്ള മരുന്ന് ഉപയോഗിച്ചാണ് കേരളം അടക്കം പല സംസ്ഥാനങ്ങളും പരിശോധന നടത്തിയിരുന്നത്. അതും തീർന്നതോടെ പരിശോധനക്ക് പൂർണമായും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ.

ഒന്നു മുതൽ അഞ്ച് ട്യൂബർകുലീൻ യൂണിറ്റ് വരെയുള്ള മാന്റോ പരിശോധനാ മരുന്ന് (പി.പി.ഡി.) മാത്രമേ പരിശോധനക്ക് ഉപയോഗിക്കാവു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. അതേസമയം സ്വകാര്യ മേഖലയിൽ 10 ട്യൂബർകുലീൻ യൂണിറ്റ് വരെയുള്ള മരുന്നാണ് പരിശോധനക്ക് ഉപയോഗിക്കുന്നത്. പലതും വിദേശത്തുനിന്നുള്ള മരുന്നും. ഇതാകട്ടെ ചികിത്സ ആവശ്യമില്ലാത്ത നേരിയ അണുബാധപോലും വെളിപ്പെടുത്തുന്നതാണ്. രോഗികളെ ചൂഷണം ചെയ്യാൻ ഈ പരിശോധനാഫലം പലരും ദുരുപയോഗം ചെയ്യുന്നുമുണ്ട്.

രോഗനിർണയത്തിന് മറ്റ് മാർഗങ്ങൾ ഉണ്ടെങ്കിലും അണുബാധ തിരിച്ചറിയാൻ  ഡോക്ടർമാർ മാന്റോ പരിശോധനാഫലമാണ് പ്രധാനമായും ഉപാധിയാക്കാറുള്ളത്. നിലവില്‍ എസ്.എ.ടി. ആശുപത്രിയിൽ കുട്ടികൾക്കായി പരിശോധനാ മരുന്ന് വാങ്ങി ഉപയോഗിക്കുന്നുണ്ടെങ്കിലും ടി.ബി. സെന്ററിലും മറ്റും എത്തുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് നിയന്ത്രണമുണ്ട്. അതിനാൽ സാധാരണക്കാർക്ക് ഉയർന്ന വില നൽകി സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.

പല വിദേശരാജ്യങ്ങളും വിസ അനുവദിക്കുന്നതിന് മാന്റോ പരിശോധനാഫലം നിർബന്ധമാക്കിയിട്ടുണ്ട്. അതിനും സ്വകാര്യ ലാബുകൾ മാത്രമാണ് ഇപ്പോഴത്തെ ആശ്രയം. രോഗപ്പകർച്ച തടയുന്നതിനുള്ള ഐസോനിയാസിഡ് (ഐ.എൻ.എച്ച്.) മരുന്നും സർക്കാർ മേഖലയിൽ ലഭ്യമല്ല. പകർച്ചാസാധ്യതയുള്ള അണുബാധ കണ്ടെത്തുന്നവരുടെ വീടുകളിലെ അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് നിർബന്ധമായി നൽകേണ്ട മരുന്നാണ് ഐ.എൻ.എച്ച്. കഫത്തിൽ രോഗാണുക്കളുള്ളവർക്കെല്ലാം നൽകേണ്ടതും ഈ മരുന്നാണ്. കൂടാതെ കുട്ടികൾക്കുള്ള പല ടി.ബി. മരുന്നുകൾക്കും ക്ഷാമം നേരിടുകയാണ്. എന്നാൽ മരുന്നുകളൊന്നും തന്നെ സർക്കാർ മേഖലയിൽ ലഭ്യമല്ലാത്തതിനാൽ ഇവ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാവുകയാണ്.