ഇനി തിരുവനന്തപുരത്ത് നിന്നും കണ്ണൂരില്‍ എത്താന്‍ 145 മിനിറ്റ് മതി; തിരുവനന്തപുരം – കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ ആദ്യഘട്ട പഠനം ഡി.എം.ആര്‍.സി പൂര്‍ത്തിയാക്കി

single-img
28 November 2015

rail-lineതിരുവനന്തപുരം: ഇനി ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ എത്താന്‍ 145 മിനിറ്റ് മതി.  തിരുവനന്തപുരം – കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ ആദ്യഘട്ട പഠനം ഡി.എം.ആര്‍.സി പൂര്‍ത്തിയാക്കി.  തൂണുകളില്‍ സ്ഥാപിക്കുന്ന പാളത്തിലൂടെ 430 കിലോമീറ്റര്‍ 145 മിനിറ്റ് കൊണ്ട് എത്തുന്നവിധമാണ് പാതയിലെ ട്രെയിന്‍ ഓട്ടം. ഈ പദ്ധതിക്ക് താരതമ്യേന സ്ഥലം ഏറ്റെടുക്കുന്നത് കുറച്ചുമതിയാകും.

നരേന്ദ്രമോദി സര്‍ക്കാര്‍ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ച റെയില്‍ ഇടനാഴി പദ്ധതികളില്‍ ആദ്യം പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം – കണ്ണൂര്‍ പാതയാണ്. വൈകാതെ വിശദമായ പദ്ധതിരേഖ സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിക്കും.
സാധാരണ റെയില്‍വേ പാളങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജ് ആയിരിക്കും അതിവേഗ റെയില്‍വേയില്‍ ഉപയോഗിക്കുക.

ഒരു ട്രെയിനില്‍ എട്ട് കോച്ചുകളുണ്ടാകും. 3.4 മീറ്റര്‍ വീതിയുള്ള എ.സി. കോച്ചുകളില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം 817. മണിക്കൂറില്‍ 350 കിലോമീറ്ററാണ് വേഗം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിവരെ എത്താന്‍ 40 മിനിറ്റ് മതി.  ആകെ ഒമ്പത് സ്റ്റേഷനുകള്‍ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍.

പാതയുടെ 190 കിലോമീറ്റര്‍ ദൂരം ഉയര്‍ന്ന തൂണുകളിലൂടെയാണ് പോകുക. 110 കിലോമീറ്റര്‍ ടണലിലൂടെയാണ്. 21 കിലോമീറ്റര്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ മുറിച്ച് നിരപ്പാക്കിയും 61 കിലോമീറ്റര്‍ കട്ട് ആന്‍ഡ് ബാങ്ക് പ്രകാരവും 36 കിലോമീറ്റര്‍ കട്ട് ആന്‍ഡ് കവര്‍ പ്രകാരവുമാണ് നിര്‍മ്മിക്കുന്നത്. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കുന്ന ടണലുകളായതിനാല്‍ അതിന് മുകളിലുള്ള നിര്‍മ്മിതികള്‍ക്ക് കേടുപാട് ഉണ്ടാകില്ലെന്ന് പഠനത്തില്‍ പറയുന്നു. ടണലിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിന്റെ പ്രകമ്പനംപോലും പുറത്ത് അനുഭവപ്പെടില്ല.

65000 കോടി രൂപയാണ് ചെലവ് വരും.  2016 ല്‍ പണി തുടങ്ങിയാല്‍ 2022 ല്‍ സര്‍വീസ് തുടങ്ങാനാകും. ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ കൊച്ചി വരെ. ആകെ 600 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. 3800 ല്‍പ്പരം കെട്ടിടങ്ങള്‍ മാറ്റേണ്ടിവരും. 36000 ല്‍പ്പരം മരങ്ങളും. മരങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ വഴിതേടും.   ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന രീതിയില്‍ വിപണിവില പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കണമെന്നാണ് പഠനത്തില്‍ പറയുന്നത്.