മലയാളനിയമം നടപ്പിലാക്കുന്നത് മലയാളിയുടെ ഭാഷാവകാശത്തിന് ലഭിക്കുന്ന അംഗീകാരം

single-img
27 November 2015

Malayalam_Letters_Colashമലയാള ഭാഷാപ്രേമികളുടെ നീണ്ടനാളത്തെ ആവശ്യങ്ങൾക്കും മറ്റും വിരാമമിട്ടുകൊണ്ട് മലയാള നിയമം യാഥാർഥ്യമാകാൻ പോകുകയാണ്. മന്ത്രിസഭ അംഗീകരിച്ച മലയാളനിയമ ബില്ലിന്റെ കരട് അടുത്ത നിയമസഭയിൽ അവതരിപ്പിക്കും. വിദ്യാഭ്യാസം, നിയമം, ഭരണം തുടങ്ങി എല്ലാ മേഖലകളിലും മലയാളത്തിന് പ്രാധാന്യം നൽകുകയും അതുമൂലം ഭാഷയെ വളർത്തുകയുമാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. മലയാള ഭാഷ വിദ്യാലയങ്ങളിൽ നിർബന്ധിത പ്രഥമഭാഷയാക്കാനും സമഗ്രമലയാളനിയമം നടപ്പിലാക്കാനും ഏറെനാളായി ഐക്യമലയാളപ്രസ്ഥാനം പോലുള്ള സംഘടനകളുടെ സമ്മർദ്ദം ചെലുത്തലാണ് അല്പം വൈകിയാണെങ്കിലും യാഥാർഥ്യമാകുന്നത്.

നിരവധി നിർദ്ദേശങ്ങളാണ് നിയമത്തിൽ പറയപ്പെട്ടിരിക്കുന്നത്. കോടതിഭാഷ മലയാളമാക്കുക, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ തലത്തിലും മലയാളം ഒരു പേപ്പറായി പരിഗണിക്കുക, പ്രൊഫഷണൽ കോഴ്സുകളിൽ മലയാളം മീഡിയത്തിൽ പഠിച്ചവർക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങി വിപ്ലവകരമായ പല നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരുന്നത്. എന്നാൽ പ്രായോഗികതയുടെ പേരിൽ അവയിൽ പലതും ഒഴിവാക്കിയാണ് നിയമസഭായോഗത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഭരണഭാഷ മലയാളത്തിലാക്കാൻ മന്ത്രിസഭ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ, അർധസർക്കാർ പൊതുമേഖലാസ്ഥാപനങ്ങളിലെയെല്ലാം അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിലാക്കിയിരിക്കണമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നിർദ്ദേശം നൽകി.

ഇതിന്റെയെല്ലാം ഗുണം ലഭിക്കുന്നത് ജനങ്ങൾക്ക് തന്നെയാണ്, സാധാരണക്കാർക്ക് മുതൽ ഉയർന്ന നിലയിൽ ജീവിക്കുന്നവർക്ക് വരെ. ഇതുവരെ ഭരണനിയമങ്ങൾക്കും മറ്റും ഇംഗ്ലീഷ് ഉപയോഗിച്ചപ്പോൾ അത് അറിയാവുന്നവർക്ക് പ്രയോജനപ്പെടുകയും ഇംഗ്ലീഷിൽ പ്രാവിണ്യം ഇല്ലാത്തവർക്ക് മാറിനിൽക്കേണ്ടിയും വന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. മലയാള ഭാഷാനിയമം നടപ്പാവുന്നതിലൂടെ അത്തരം ഉദാസീനതകൾ അവസാനിക്കും. സത്യത്തിൽ ഓരോ മലയാളിയുടേയും ഭാഷാവകാശത്തിന് ലഭിക്കുന്ന അംഗീകാരമാണത്.

എന്താണ് ഭാഷാവകാശം? സ്വന്തം മാതൃഭാഷ എഴുതാനും വായിക്കാനും അതിൽ വിദ്യാഭ്യാസം നേടാനുമുള്ള അവകാശം, തൊഴിൽ, സാമൂഹിക-സാമ്പത്തിക ഇടപാടുകളിൽ ഉപയോഗിക്കാനുള്ള അവകാശം, നിയമപരവും ഔദ്യോഗികപരവുമായ രേഖകൾ മാതൃഭാഷയിൽ ലഭിക്കാനുള്ള അവകാശം. ചുരുക്കത്തിൽ നിത്യജീവിതവ്യവഹാരത്തിനും വിനിമയത്തിനും മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശമാണത്. ഏതുഭാഷയായാലും അത് ഉപയോഗിച്ചാൽ മാത്രമേ നിലനിൽക്കുകയുള്ളു. നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പ്രായോഗികത കുറഞ്ഞ് വന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ നിലനിർത്താൻ മലയാളനിയമം നടപ്പിലാകേണ്ടത് അത്യന്താപേക്ഷികമാണ്. ഇല്ലെങ്കിൽ സംസ്കൃതഭാഷ പോലെ മലയാളവും വരുംകാലങ്ങളിൽ മണ്മറഞ്ഞ് പോയേക്കാം.

ഏത് നിയമവും പാസാക്കാൻ സർക്കാരിന് വലിയ ശുഷ്കാന്തിയാണു. പക്ഷെ അതൊന്നും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്നതാണ് സത്യം. മലയാള നിയമം കൊണ്ടുവരുന്നതിനോടൊപ്പം അത് ഫലവത്തായി നടപ്പിലാക്കാനും സർക്കാർ മുൻകൈയ്യെടുക്കണം. അതിനായി ഭാഷാവികസന ഡയറക്ടറേറ്റ് പോലുള്ള സ്ഥാപനങ്ങൾ നിലവിൽ വരുത്തുന്നത് ഗുണകരമായിരിക്കും. ഇന്ത്യയിലെ പതിനൊന്നോളം സംസ്ഥാനങ്ങൾ അവരവരുടെ മാതൃഭാഷയ്ക്ക് വേണ്ടി ഭാഷാവികസന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മലയാള നിയമം കൊണ്ടുവരുന്നതിനോടോപ്പം അത് സുഖമമായ രീതിയിൽ നടപ്പിലാക്കുന്നതിനായി ഇത്തരം നിയന്ത്രണ സ്ഥാപനങ്ങൾക്ക് ചുമതല ഏൽപ്പിക്കുന്നതും നിലവിൽ വരുത്തേണ്ടതുണ്ട്.

വളരെ ചുരുങ്ങിയ കാലം മാത്രമാണ് നിലവിലെ സർക്കാരിന്റെ കാലാവധി. അവർ പടിയിറങ്ങും മുൻപ് മലയാളനിയമം നടപ്പിലാക്കുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. കൂടാതെ അടുത്തതായി ഭരണത്തിൽ വരുന്നതാരായിരുന്നാലും അവർ അത് നല്ല രീതിയിൽ തുടർന്ന് കൊണ്ടുപോകുമെന്നും വിശ്വസിക്കാം.