കബീറിന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിച്ച് എം.എ യൂസഫലി എത്തി

single-img
26 November 2015

Kabeer

ഇരുകാലും മുറിച്ചു മാറ്റപ്പെട്ട്, കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ലാതെ കഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി കബീര്‍ എന്ന വയോധികന്റെ മുന്നില്‍ പ്രവാസി വ്യവസായി എം.എ യൂസഫലി അവതരിച്ചത് ദൈവദൂതനായിട്ടായിരുന്നു. ഒരു വീട് എന്ന സ്വപ്‌നം നിനച്ചിരിക്കാതെ സഫലമാക്കിക്കൊടുത്ത ദൈവദൂതന്‍. കബീറിന്റെ വര്‍ഷങ്ങള്‍ നീണ്ട കണ്ണീരിന് അവസാനമായി കയറിക്കിടക്കാനുള്ള വീടിന്റെ താക്കോല്‍ യൂസഫലിയുടെ പ്രതിനിധികളില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ കബീറിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ആറു വര്‍ഷത്തിലേറെയായി കാലുകള്‍ക്കു വ്രണം ബാധിച്ചു ചികില്‍സയിലായിരിക്കെ കഴിഞ്ഞവര്‍ഷമാണ് കാട്ടാക്കട ആമച്ചല്‍, കള്ളിക്കാട് മേലെ പുത്തന്‍ വീട്ടില്‍ എ. കബീറിന്റെ രണ്ടു കാലുകളും മുറിച്ചു മാറ്റയത്. കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന കബീറിന്റെ പിന്നുള്ള നാളുകള്‍ പട്ടിണിയുടേതായിരുന്നു. നാട്ടുകാര്‍ നല്‍കുന്ന സഹായങ്ങളാണ് ആ രണ്ടു ജീവിതങ്ങളെ മുന്നോട്ടു കൊണ്ടുപൊയ്‌ക്കോണ്ടിരുന്നത്.

ഒറ്റമുറി മാത്രമുള്ള കൂരയില്‍ നരകിക്കുന്നതിനിടയിലാണ് കബൗര്‍ എം.എ. യൂസഫലിയുടെ നാട്ടികയിലെ വീട്ടുവിലാസം തേടിപ്പിടിച്ച തന്റെ ദുരിതകഥ വിവരിച്ച് കത്തെഴുതിയത്. കത്തു വായിച്ച യൂസഫലി വീടു നിര്‍മിച്ചു നല്‍കാനുള്ള നിര്‍മദ്ദശമായാണ് അതിനു മറുപടി നല്‍കിയത്. 10 ലക്ഷം രൂപ ചെലവിട്ടു മൂന്നു മാസം കൊണ്ടു കബീറിന്റെ സ്വന്തം സ്ഥലത്ത് അടുക്കളയും കിടപ്പുമുറിയും ഹാളും ഉള്‍പ്പെടുന്ന ഒരു വീട് യൂസഫലി നിര്‍മ്മിച്ചു നല്‍കി.

സഹജീവികളുടെ കഷ്ടതയറിയുന്ന യൂസഫലിയുടെ സ്‌നേഹോപകാരമായി കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ ലുലു റീജനല്‍ ഡയറക്ടര്‍ ജോയി സദാനന്ദന്‍, ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് കബീറിനും ഭാര്യയ്ക്കും കൈമാറി.