മോദിയെ സ്തുതിച്ചു കൊണ്ടുള്ള വീഡിയോ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു; സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്തു നിന്നും പങ്കജ് നിഹലാനിയെ പുറത്താക്കിയേക്കും

single-img
26 November 2015

pankaj_0ന്യൂഡല്‍ഹി: അമിത മോദി സ്തുതി സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്തു നിന്നും പങ്കജ് നിഹലാനിയെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയേക്കും. നരേന്ദ്ര  മോദിക്കു കീഴിലുള്ള ഇന്ത്യയെ പ്രകീര്‍ത്തിച്ച് നിഹലാനി ഒരുക്കിയ ‘സബ് ദേശോം മേ ദേശ് മേരാ… യെ ദേശ് ഹേ ഹിന്ദുസ്താന്‍’ എന്ന ഗാനമാണ് നിഹലാനിക്ക് പാരയായത്. നിഹലാനിയെ മാറ്റാന്‍ തീരുമാനിച്ചതായും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും കേന്ദ്ര വിവര സാങ്കേതിക – പ്രക്ഷേപണ മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. നിഹലാനിയുടെ പ്രവൃത്തി സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കിയെന്നാണ് ഔദ്യോഗിക ഭാഷ്യം.

ജനുവരിയില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ നിഹലാനി തന്റെ മോദി ഭക്തി അവസരം കിട്ടുമ്പോഴൊക്കെ പ്രകടിപ്പിച്ചിരുന്നു. ആര്‍.എസ്.എസ്സിന്റെ ശുപാര്‍ശയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ നിഹലാനി മോദി തന്റെ ആക്ഷന്‍ ഹീറോ ആണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മോദിയുടെ കീഴില്‍ ഇന്ത്യയില്‍ വന്‍ വികസനവും മതേതരത്വവും സഹിഷ്ണുതയും വിളയാടുകയാണെന്ന മട്ടില്‍ ഒരുക്കിയ  വീഡിയോ ഗാനം, നിഹലാനിയുടെ മോദി ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. എന്നാല്‍ വിദേശ രാഷ്ട്രങ്ങളിലെ പത്തിലധികം വികസന ചിത്രങ്ങള്‍ ഇന്ത്യയുടേതെന്ന പേരില്‍ നിഹലാനി തന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തി. അമേച്വര്‍ നിലവാരത്തില്‍ തയാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണക്കിനു പരിഹസിക്കപ്പെടുകയും ചെയ്തു.

പുതിയ ജെയിംസ് ബോണ്ട് ചിത്രമായ ‘സ്‌പെക്ട്രി’ല്‍ നിന്ന്  ചുംബന രംഗങ്ങള്‍ മുറിച്ചുമാറ്റാനുള്ള നിഹലാനിയുടെ തീരുമാനവും വിവാദമായിരുന്നു.  ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള മോദിഗാന വീഡിയോ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും വിവര സാങ്കേതിക – പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവര്‍ നിഹലാനിയെ വിളിച്ച് അതൃപ്തി അറിയിച്ചുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നിഹലാനിയെ നീക്കണമെന്നാവശ്യപ്പെട്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.

[mom_video type=”youtube” id=”398UnuAd6I8″]