ഗുജറാത്ത് മോഡല്‍ വികസനത്തില്‍ വിദ്യാഭ്യാസത്തിന് സ്ഥാനമില്ല; ഗുജറാത്തിലെ 6-18നും ഇടയിലുള്ള 14.93 ലക്ഷം കുട്ടികള്‍ സ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്തവര്‍

single-img
26 November 2015

narendra modi in Dhanbad അഹമ്മദാബാദ്: ഗുജറാത്ത് മോഡല്‍ വികസനത്തില്‍ വിദ്യാഭ്യാസത്തിന് സ്ഥാനമില്ലെന്ന് കണക്കുകള്‍.  6-18നും ഇടയിലുള്ള 14.93 ലക്ഷം കുട്ടികള്‍ സ്‌കൂളിന്റെ പടി കടന്നിട്ടില്ലെന്നതാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടയ്ക്കിടെ പറയുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് വിദ്യാഭ്യാസ കാര്യത്തില്‍ വികസനം എന്ന വാക്ക് ഗുജറാത്തിന് അന്യമാണ്.

സെന്‍സസ് കണക്ക് പ്രകാരം 9.63% കുട്ടികള്‍ പഠനത്തിനായി ഗുജറാത്തിലെ സ്‌കൂളുകളില്‍ ഒരിക്കല്‍ പോലും എത്തിയിട്ടില്ല. ആറ് വയസിനും 18 വയസിനും മധ്യേ പ്രായമുള്ള 15 ലക്ഷത്തോളം വരുന്ന ഭാവിതലമുറയ്ക്കാണ് വിദ്യാഭ്യാസം ലഭിക്കാത്തത്. 1.55 കോടി വിദ്യാര്‍ത്ഥികളാണ് ഇതേ പ്രായത്തിനിടയില്‍ ഗുജറാത്തിലുള്ളത്.

ഇന്ത്യയില്‍ 33.33 കോടി വിദ്യാര്‍ത്ഥികളാണ് 6-18 പ്രായത്തിനിടയില്‍ ഉള്ളത്. ഇവരില്‍ 4.40 കോടി പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെന്നാണ് കണക്ക്. 10 വര്‍ഷക്കാലമായി ശാല പ്രവേശ് ഉത്സവ് എന്ന പേരില്‍ ഗുജറാത്തിലാകമാനം പ്രവേശനോല്‍സവം സംഘടിപ്പിച്ചിട്ടും കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സജ്ജരാക്കാനാവാത്ത അവസ്ഥയാണ് ഗുജറാത്തിലുള്ളത്.

കഴിഞ്ഞ 11 വര്‍ഷമായി 6 വയസുവരെയുള്ള എല്ലാ കുട്ടികളേയും സ്‌കൂളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വാദമാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ നേര്‍ വിപരീതമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയാണ് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നത്.