കോഴിക്കോട് ഓടവൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

single-img
26 November 2015

manholeകോഴിക്കോട്:  ഓടവൃത്തിയാക്കാനിറങ്ങിയ രണ്ട്ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോ റിക്ഷാ ഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു. കരുവിശ്ശേരി സ്വദേശി മേപ്പക്കുടി നൗഷാദാണ് മരിച്ച ഓട്ടോ ഡ്രൈവര്‍. കെ.എസ്.യു.ഡി.പി.യിലെ കരാര്‍ തൊഴിലാളികളായ നരസിംഹം, ഭാസ്‌ക്കര്‍ എന്നീ ആന്ധ്രാ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. തളി ജയ ഓഡിറ്റോറിയത്തിന് സമീപമുള്ള ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയവരാണ്  അപകടത്തില്‍ പെട്ടത്.

12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും നിറഞ്ഞുകിടക്കുകയുമായിരുന്ന അഴുക്കുചാലിലേക്ക് യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ ഇറങ്ങിയത്. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ലഭിതമായ മുന്‍കരുതല്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഓടയിലിറങ്ങിയ കരാര്‍ ജോലിക്കാരനാണ് ആദ്യം വീണത്. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി മറ്റൊരു കരാര്‍ ജീവനക്കാരനും ഓട്ടോ ഡ്രൈവറും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇവരും മാന്‍ഹോളില്‍ കുടുങ്ങി. മൂവരേയും ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെടുക്കാനായത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴും ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.