‘ഇന്ത്യയുടെ പാല്‍ക്കാരന്’ ഗൂഗിളിന്റെ ആദരം

single-img
26 November 2015

google‘ഇന്ത്യയുടെ പാല്‍ക്കാരനെ’ ആദരിച്ച് ഗൂഗിള്‍.  ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ  ഡോ. വര്‍ഗീസ് കുര്യനെ ആദരിക്കാന്‍ ഗൂഗിള്‍ ഡൂഡില്‍ ഇറക്കി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പശുവിനൊപ്പം പാല്‍പ്പാത്രവുമായി ഇരിക്കുന്ന കാരിക്കേച്ചര്‍ ചിത്രമാണ് ഡൂഡിലായി ഗൂഗിള്‍ തയ്യാറാക്കിയത്.

പാല്‍ക്ഷാമത്തിന്റെ പിടിയിലായിരുന്ന ഇന്ത്യയെ ‘ഓപ്പറേഷന്‍ ഫ്‌ലഡ്’ എന്ന ധവളവിപ്ലവപദ്ധതിയിലൂടെ ലോകത്തെ ഏറ്റവുംവലിയ പാലുത്പാദകരാഷ്ട്രമാക്കിയത് ‘അമുല്‍’ കുര്യന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ അക്ഷീണപ്രയത്‌നമാണ്.

നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സ്ഥാപകചെയര്‍മാനാണ് ഡോ. കുര്യന്‍.   അദ്ദേഹത്തിന്റെ കീഴില്‍ ‘അമുല്‍’ ലോകത്തുതന്നെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പുതിയ മാതൃക തീര്‍ത്തു.

രാജ്യം 1965ല്‍ പദ്മശ്രീയും 1966ല്‍ പദ്മഭൂഷണും 99ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ലോകഭക്ഷ്യപുരസ്‌കാരം, സാമൂഹിക നേതൃത്വത്തിനുള്ള മഗ്‌സസെ പുരസ്‌കാരം, കര്‍ണേജി വാട്ട്‌ലര്‍ ലോകസമാധാന പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.  90ാം വയസ്സില്‍ 2012 സപ്തംബര്‍ 9നാണ് അദ്ദേഹം മരിച്ചത്.