കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനങ്ങളുടെ തിരക്കും കൊണ്ട് വീര്‍പ്പുമുട്ടുന്ന മുംബൈ മഹാനഗരത്തിന്റെ ഹൃദയഭാഗത്തെ ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ ഒരു മനുഷ്യനിര്‍മ്മിത വനമാക്കി മാറ്റി

single-img
25 November 2015

Mumbai forest Garden

കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനങ്ങളുടെ തിരക്കും കൊണ്ട് വീര്‍പ്പുമുട്ടുന്ന മുംബൈ മഹാനഗരത്തിലും ഒരു വനം. ആരുകണ്ടാലും അതിശയിക്കുന്ന ഈ ഒരു കാര്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് എംഎല്‍എ അസ്‌ലം ഷെയ്ഖ്. നഗരഹൃദയത്തില്‍ തന്നെയാണ് ആറര ഏക്കറില്‍ ചെടികളും ഔഷധച്ചെടികളും പൂക്കളും മരങ്ങളുമൊക്കെയായി പുതിയ വനോദ്യാനം ജനങ്ങള്‍ക്കുവേണ്ടി തുറന്നിരിക്കുന്നത്.

മലാഡ് വെസ്റ്റിലെ ലിങ്ക് റോഡില്‍ ഇന്‍ഫിനിറ്റി മാളിനു സമീപം കഴിഞ്ഞദിവസം തുറന്ന ഫോറസ്റ്റ് ഗാര്‍ഡന്‍ പ്രഭാത നടത്തക്കാര്‍ക്കും കുരുന്നുകള്‍ക്കുമൊെക്ക വലിയ ആശ്വാസമാണ് പ്രധാനം ചെയ്തിരിക്കുന്നത്. ബിഎംസിയുമായി ചേര്‍ന്നു സ്ഥലം അസ്‌ലം ഷെയ്ഖ് ഫോറസ്റ്റ് ഗാര്‍ഡന്‍ എന്ന ആശയം മുന്നോട്ടുവച്ച് നടപ്പാക്കിയെടുത്തപ്പോള്‍ മുംബൈ പോലുള്ള ഒരു മഹാനഗരത്തിലെ ജനങ്ങള്‍ക്ക് അത് അത്ഭുതമാകുകയായിരുന്നു.

വെറുതെ കിടന്നിരുന്ന ആറര ഏക്കര്‍ ഭൂമിയില്‍ പരമ്പരാഗത രീതിയില്‍ പൂന്തോട്ടവും പാര്‍ക്കുമെല്ലാം നിര്‍മിക്കുവാനാണ് പലയിടത്തു നിന്നും നിര്‍ദ്ദേശം വന്നതെങ്കിലും പരിസ്ഥിതിയോടെ ചേര്‍ന്നുനില്‍ക്കുംവിധം പച്ചപ്പിന്റെ ഒരു തുരുത്താക്കി ഇതിനെ മാറ്റുകയാണ് എം.എല്‍.എ ചെയ്തത്. മുംബൈയെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമാണ്. 3400 മരങ്ങളാണ് ഇപ്പോള്‍ ഫോറസ്റ്റ് ഗാര്‍ഡനില്‍ നിലനില്‍ക്കുന്നത്.

പനകളുടെ വിവിധ ഇനങ്ങള്‍, പൂച്ചെടികള്‍, ഔഷധ സസ്യങ്ങളും മരങ്ങളും ഉള്‍പ്പെടെയുള്ളവ ഇവിടെയുണ്ട്. കൂടാതെ താമരക്കുളം, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, നിത്യഹരിതചെടികളും ഫോറസ്റ്റ് ഗാര്‍ഡനിലെ കാഴ്ചകളാണ്. യുവതീയുവാക്കള്‍ക്ക് വ്യായാമത്തിനുള്ള സൗകര്യങ്ങളും കുട്ടികള്‍ക്കു കളിക്കാനുള്ള സംവിധാനങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

മരങ്ങള്‍ വലുതാകുന്നതോടെ നഗരത്തിലെ പക്ഷികളുടെ വലിയ ഇടമായി ഇതുമാറുമെന്നും മറ്റു നഗരങ്ങളില്‍ നിന്നും മുംബൈയെ അതു വ്യത്യസ്തമാക്കുമെന്നും അസ്ലം പറയുന്നു.