പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തടവ് അനുഭവിക്കുന്ന സന്തോഷ് മാധവന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു

single-img
25 November 2015

santhosh-madhavan

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തടവ് അനുഭവിക്കുന്ന സന്തോഷ് മാധവന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. പീഡനകേസുകളിലുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്നാണ് പുറത്തിറങ്ങിയ ഉത്തരവില്‍ വ്യക്തമാക്കുന്നതെങ്കിലും ആ ഉത്തരവ് പിടിച്ചുവെച്ച് സ്വാമി ചൈതന്യയെന്ന സന്തോഷ് മാധവനെ സര്‍ക്കാര്‍ പുറത്തുവിടുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. സാമ്പത്തിക തട്ടിപ്പ്, ലൈംഗിക പീഡനം തുടങ്ങിയ പരാതികളില്‍ അകപ്പെട്ട സന്തോഷ് മാധവന്‍ സ്വയം സന്യാസപരിവേഷം നല്‍കി, ശാന്തിതീരമെന്ന സന്യാസാശ്രമം നടത്തുകയായിരുന്നു. അതിനിടെ സെറഫിന്‍ എഡ്വിന്‍ എന്ന പ്രവാസി വനിതയെ വഞ്ചിച്ചതിന് സന്തോഷ് മാധവനെതിരെ ഇന്റര്‍പോള്‍ ജാഗ്രതാ നിര്‍ദേശിക്കുകയും ദുബായ് പോലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2008 മേയ് 11ന് സെറഫിന്‍ എഡ്വിന്‍ കേരള പോലീസിന് ഇമെയിലിലൂടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് മാധവന്‍ പോലീസിന്റെ പിടിയിലാകുന്നത്.
ഇതിന്റെ അന്വേഷണം നടക്കവേയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ ഉയര്‍ന്നുവന്നത്. അന്വേഷണത്തിനിടയില്‍ സന്തോഷിന്റെ പക്കല്‍ നിന്നും കടുവാത്തോലും പിടിച്ചെടുത്തിരുന്നു.