ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോയെന്നു ഉമ്മന്‍ ചാണ്ടി

single-img
25 November 2015

Ooman-chandy-270x200തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് നിലയുള്ള കെട്ടിടങ്ങള്‍ മാത്രം മതിയോയെന്നും ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോയെന്നു  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വന്‍കിട ഫ്ളാറ്റുകള്‍ക്ക് അനുമതി നിഷേധിക്കുന്ന ഫയര്‍ഫോഴ്‌സ് നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന് ഇച്ഛാ ശക്തിയുണ്ടോ എന്ന് കാത്തിരുന്ന കാണാം. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അതേസമയം ഫയര്‍ഫോഴ്‌സ് യാഥാര്‍ഥ്യത്തോടെയുള്ള നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത സംസ്ഥാനത്തെ 77 വന്‍കിട ഫ് ളാറ്റുകള്‍ക്ക്  ഡി.ജി.പി. ജേക്കബ് തോമസ് നല്‍കിയ നോട്ടീസ് ശരിവെച്ച് നിലവിലുള്ള ഫയര്‍ എ.ഡി.ജി.പി. അനില്‍ കാന്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജേക്കബ് തോമസിന്റെ നോട്ടീസിനെതിരെ ഫ ളാറ്റ് ഉടമകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികള്‍ തള്ളിയായിരുന്നു അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട്.

മതിയായ അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത വന്‍കിട ഫ്‌ലാറ്റുകള്‍ക്ക് ജേക്കബ് തോമസ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്നപ്പോള്‍ നല്‍കിയ നേട്ടീസാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. ഈ മാസം 11നാണ് ജേക്കബ് തോമസിന് പകരക്കാരനായി എത്തിയ അനില്‍ കാന്ത് തന്റെ മുന്‍ഗാമിയുടെ നിലപാടുകളാണ് ശരിയെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍ക്കാര്‍ നടപടി ന്യായീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജേക്കബ് തോമസ് ജനവിരുദ്ധനാണെന്നും ആരോപിച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ ക്രഡായ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.