വൈഫൈയെ വെട്ടാന്‍ ‘ലൈ-ഫൈ’; ഇനി 18 സിനിമകൾ ഒരു നിമിഷം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം

single-img
25 November 2015

LIFIവൈഫൈയുടെ വേഗതയെ കവച്ച് വെയ്ക്കാന്‍  ‘ലൈ-ഫൈ’ വരുന്നു. വൈഫയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ  നല്‍കും.   അതായത് ഏകദേശം 1.5 ജിബിയുള്ള 18 സിനിമകൾ വെറുമൊരു നിമിഷം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും.  ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയിൽ ഡാറ്റ കൈമാറ്റം നടക്കുന്നത്.

നിലവിൽ എസ്റ്റോണിയയിലെ ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റിൽ 224 ഗിഗബൈറ്റുകൾ ആണ്.

400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡാറ്റ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ ഭേദിക്കാന്‍ പ്രയാസമായത് കൊണ്ടു നെറ്റ്വർക്ക് കൂടുതൽ സുരക്ഷിതമായിരിക്കും  മറ്റു തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.

2011ൽ എഡിൻബെർഗ് സർവ്വകലാശാലയിലെ ഹരാൾഡ് ഹാസ് എന്ന ഗവേഷകൻ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.  സെല്ലുലാർ ടവർ വഴി വിനിമയം ചെയ്യുന്നതിനേക്കാൾ വേഗത   എൽ ഇ ഡി ലൈറ്റിലൂടെ വിനിമയം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരുന്നു. മോഴ്സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവർത്തിക്കുന്നത്.  ഫ്രഞ്ച് കമ്പനിയായ ഒലെഡ് കോമും ലൈഫൈ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.  ഉടൻ തന്നെ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യക്ക് പൂർണ്ണമായും പകരക്കാരാൻ ആവില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.