വിദേശത്തുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരികെകൊണ്ടുവരാന്‍ സാധിക്കാത്തത് ജയറ്റ്‌ലിയുടെ പാളിച്ചയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി

single-img
20 November 2015

swami

വിദേശത്തുള്ള കള്ളപ്പണം രാജ്യത്ത് തിരികെയെത്തിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കാത്തത് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതിനായി ആവിഷ്‌കരിച്ച തന്ത്രത്തിലെ പാളിച്ചകൊണ്ടാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള തന്നെ ഈ ദൗത്യം ഏല്‍പ്പിച്ചാല്‍ അത് വ്യത്യസ്തമായി രീതിയിലായിരിക്കും താന്‍ ചെയ്യുകയെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. അഹമ്മദാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്ത് കെട്ടിക്കിടക്കുന്ന 120 ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരികെയെത്തിക്കാന്‍ താനൊരു ആറിന കര്‍മപദ്ധദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്ന് സ്വാമി വ്യക്തമാക്കി. ഈ തുകയെന്നത് ഇന്ത്യയുടെ നിലവിലുള്ള വാര്‍ഷിക ആദായനികുതി വരുമാനത്തിന്റെ 60 ഇരട്ടിയാണ്. എന്നാല്‍ ഈ പണം രാജ്യത്ത് തിരികെയെത്തിക്കുന്ന കാര്യത്തില്‍ തന്റെ പദ്ധതി കണക്കിലെടുക്കാന്‍ ജയ്റ്റ്‌ലി ഇനിയും തയ്യാറല്ലെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

കള്ളപ്പണ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജയറ്റ്‌ലി മെനഞ്ഞ തന്ത്രങ്ങള്‍ അപര്യാപ്തമാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയ്റ്റ്‌ലി രൂപപ്പെടുത്തിയ തന്ത്രവുമായാണ് കള്ളപ്പണം തിരികെയെത്തിക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ന്നും ശ്രമിക്കുന്നതെങ്കില്‍ അത് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കാനാണ് സാധ്യതയെന്നും സുബ്രമണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു.
2014 ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നത്.