അമ്യതാനന്ദമയിയുടെ സ്ഥാപനങ്ങളില്‍ നിന്നുംജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനെതിരെ പൊങ്കാലയിട്ടും വാര്‍ത്തമുക്കിയ പത്രങ്ങള്‍ കൂട്ടമായി കത്തിച്ചും വന്‍പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെഅമൃതപുരിയും അധികൃതരും മുട്ടുമടക്കി

single-img
16 November 2015

12272564_886868704759811_744245832_n

കൊല്ലം: വള്ളിക്കാവിലെ ക്ലാപ്പനയിലെ അമൃത എന്‍ജിനീയറിങ് കോളെജില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ജനവാസ കേന്ദ്രങ്ങളിലേക്ക്. മനുഷ്യവിരുദ്ധ നീകത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. കുത്തക മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും മുഖം തിരിക്കുമ്പോഴും ആള്‍ദൈവത്തിന്റെയും കൂട്ടരുടെയും മനുഷ്യാവകാശ വിരുദ്ധ നടപടിക്കെതിരെ രോഷം ഉയരുകയാണ്.

ജനകീയ സമിതി എന്ന പേരില്‍ ക്ലാപ്പനയിലെ പരിസരവാസികളൊരുമിച്ചാണ് അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളില്‍ നിന്നും നേറിടുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരെ പരിഹരിക്കണമെന്ന ആവശ്യവുമായി അനിശ്ചിതകാല സത്യഗ്രഹത്തിന് ഇറങ്ങിയിരുന്നത്. അമൃതാ എന്‍ജിനീയറിങ് കോളെജില്‍ നിന്നും പുറത്തേക്കൊഴുകിയ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും, മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. താത്കാലിക ആശ്വാസമെന്നോണം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചെങ്കിലും ശാശ്വതമായ പരിഹാരമാകുന്നില്ല.

vallikavu

വള്ളിക്കാവില്‍ ജനകീയ സമതി നിര്‍മിച്ച ഷെഡില്‍ കഞ്ഞിവച്ചാണ് സമരം തുടങ്ങിയത്. സമരം ആറാം ദിവസത്തിലെത്തിയപ്പോള്‍ അമ്മ’യുടെ മനസ്സലിയാനായി നാട്ടുകാര്‍ ക്ലാപ്പനയിലെ പൊതുനിരത്തില്‍ സമൂഹ പൊങ്കാല നടത്തിയും പ്രതിഷേധിച്ചു. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ ഈ പ്രതിഷേധത്തില്‍ അണിനിരന്നു. ഇതെ സമയം നാട്ടുകാര്‍ വലിയൊരു പ്രക്ഷോഭം നടത്തുമ്പോഴും മുഖം തിരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങള്‍ സമരത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് സമരപന്തലില്‍ ഈ പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയുണ്ടായി. വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച പത്രങ്ങളാണ് കത്തിച്ച് പ്രതിഷേധിച്ചത്.

വള്ളിക്കാവ് മേഖലയില്‍ ഈ പത്രങ്ങള്‍ നാട്ടുകാര്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. സമരം തുടങ്ങിയത് മുതല്‍ രൂക്ഷമാകുന്നത് വരെ ഒരു വാര്‍ത്തയും മാതൃഭൂമിയിലോ കേരളാ കൗമുദിയിലോ വന്നിട്ടില്ല. മനോരമയില്‍ സമര സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ ‘ക്ലാപ്പനയിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മാലിന്യ പ്രശ്‌നത്തിനെ തുടര്‍ന്ന് ഹര്‍ത്താല്‍’ എന്നുമാണ് വാര്‍ത്ത വന്നത്. അമൃതയുടെ പേര് പുറത്തു കൊണ്ടുവരാന്‍ ഇവര്‍ ഭയപ്പെടുന്നത് ലക്ഷങ്ങളുടെ പരസ്യ വരുമാനം ഇല്ലാതാവും എന്ന കാരണത്താലാണെന്ന് ആരോപിച്ച നാട്ടുകാര്‍ പണത്തിന്റെ മുന്നില്‍ പത്ര ധര്‍മ്മം മറക്കുന്ന ഇത്തരം പത്രങ്ങള്‍ ഒന്നാകെ ബഹിഷ്‌ക്കരിക്കാനും തീരുമാനിക്കുകയായിരുന്നു.

12242322_886869444759737_577621758_n

വള്ളിക്കാവിലെ അമൃത എന്‍ജിനീയറിങ് കോളെജ് ഹോസ്റ്റലില്‍ നിന്നും തുടര്‍ച്ചയായി പുറത്തേക്കൊഴുകുന്ന മാലിന്യങ്ങള്‍ മൂലം പരിസരവാസികള്‍ വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോളെജ് കോമ്പൗണ്ടില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുവാന്‍ നിര്‍മിച്ച പ്ലാന്റില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലുമാണ്. പ്ലാന്റില്‍ നിന്നും പരിസരങ്ങളിലേക്ക് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുളളവ മൂലം ഇപ്പോള്‍ തന്നെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് പരിസരവാസികള്‍.

ജനകീയ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സീവേജ് വേസ്റ്റും, മനുഷ്യ വിസര്‍ജങ്ങളും നവംബര്‍ 23നുള്ളില്‍ നീക്കം ചെയ്യുമെന്ന് ആര്‍ഡിഓ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റ് ഒന്നരവര്‍ഷത്തിനുള്ളിള്‍ നിര്‍മിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുവരെ പഴയ പ്ലാന്റ് മെഡിക്കല്‍ ഓഫിസറുടെയും, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് ചര്‍ച്ചയില്‍ ധാരണയായത്.