നിർദ്ധനയായ യുവതിയുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി എട്ട് ബസ്സുകൾ

single-img
16 November 2015

BusBus

മലപ്പുറം: പടിഞ്ഞാറ്റുംമുറിയിലെ പരേതനായ ചെമ്പ്രാട്ട് വിജയകുമാറിന്റെ മകൾ സുജിതയുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതിനായി മലപ്പുറത്ത് സർവ്വീസ് നടത്തുന്ന എട്ട് സ്വകാര്യ ബസ്സുടമകൾ മുന്നോട്ട് വന്നിരിക്കുകയാണ്. കൂട്ടിലങ്ങാടി പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ആതുരസേവന സംഘടനയായ സ്മാർട്ടിന്റെ ആഭിമുഖ്യത്തിലാണ് ബസ്സുടമകൾ മുന്നോട്ട് വന്നിരിക്കുന്നത്.

മലപ്പുറം-പള്ളിപ്പുറം-മഞ്ചേരി റൂട്ടിലോടുന്ന എട്ട് സ്വകാര്യ ബസ്സുകളായ നാസ്, ക്ലാസിക്ക്, ബിടിഏസ്, അറഫ, അഫ്റാദ്, പിടിഎൻ, കൂരിമണ്ണിൽ, പിടിഎ എന്നീ ബസ്സുകളാണ് പദ്ധതിയിൽ സഹകരിക്കുക. ഇവർ നവംബർ 17ന് നടത്തുന്ന ഓട്ടത്തിൽ നിന്നും കിട്ടുന്ന തുക സുജിതയ്ക്കായി മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സ്മാർട്ട് ഭാരവാഹികൾ ആറിയിച്ചു. സുജിതയുടെ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവംബർ അവസാനവാരത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.

ഇതിനുപുറമെ നാട്ടുകാരുടേയും മറ്റ് സന്നദ്ധ പ്രവർത്തകരുടേയും സഹകരണവും സ്മാർട്ടിന്റെ ഈ സംരംഭത്തിനുണ്ട്.