ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ തിരികെ പോകാന്‍ തോന്നിക്കില്ല ഈ ചെമ്പ്ര കൊടുമുടിയും ഹൃദയസരസ്സും

single-img
14 November 2015

Chembra

പശ്ചിമഘട്ടപ്രദേശത്ത് 2132 ചതുരശ്ര കി. മീ. വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധുനിക നാഗരികത കടന്നു ചെല്ലാത്ത ധാരാളം ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകളും ഇവിടെയാണ്. അമ്പലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ വലിയ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു.

പശ്ചിമഘട്ടത്തിന്റെ വശ്യമനോഹാരിത നല്ല രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് വയനാട്. ഇവിടെ സാഹസികര്‍ക്കായി കാത്തിരിക്കുന്ന പ്രദേശമാണ് ചെമ്പ്ര കൊടുമുടി. വയനാറ്റ് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ചെമ്പ്ര. സമുദ്ര നിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്പ്ര കൊടുമുടി മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ഇടംകൂടിയാണ്.

മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുവാദം വാങ്ങിയാല്‍ മാത്രമേ ചെമ്പ്ര കൊടുമുടിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ഇളമ്പച്ച പുതപ്പ് വിരിച്ച് കിടക്കുന്ന പോലുള്ള ചെമ്പ്ര മലനിരകള്‍, നോക്കെത്താ ദൂരത്തോളം നീങ്ങുകിടക്കുന്ന മലവഴികള്‍, കറുത്ത കോട്ടകള്‍ പോലെ നില്‍കുന്ന പാറക്കൂട്ടങ്ങള്‍, മലയിടുക്കുകളില്‍ കൂട്ടമായി കാണുന്ന മരങ്ങള്‍, അവയില്‍ നിന്നെല്ലാം ചിതറി പറക്കുന്ന പക്ഷികള്‍ തുടങ്ങിയ ചെമ്പ്ര കാഴ്ചകള്‍ ഏതൊരു യാത്രികനിലും കുളിര്‍മ ചൊരിയുന്നവയാണ്. ചുരുക്കത്തില്‍ അവിടം സന്ദര്‍ശിച്ചാല്‍ തിരികെ പോകാന്‍ തോന്നില്ല എന്ന് തീര്‍ച്ച. അതിനാലാവാം വനംവകുപ്പ് ചെമ്പ്രയില്‍ താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ചെമ്പ്ര കൊടുമുടി യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം ഈ പറഞ്ഞവയൊന്നും അല്ല. കൊടുമുടിയുടെ ഏകദേശം പാതി ദൂരം പിന്നിടുമ്പോള്‍ ഹൃദയാകൃതിയിലുള്ള വിശാലമായ ഒരു തടാകം കാണാം. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ച തന്നെയാണ് നമുക്ക് സമ്മാനിക്കുക. പ്രണയത്തിന്റെ അടയാളമായി പ്രകൃതി സൂക്ഷിച്ചുവച്ചിരിക്കുന്നതാണ് ഇത് കാണുമ്പോള്‍ തോന്നിപോകും.

മത്സ്യജലസസ്യങ്ങളാല്‍ ജൈവസമ്പന്നമാണ് ഹൃദയസരസ്സ്. മനുഷ്യന്റെ ഇടപെടലുകള്‍ അധികം ഇല്ലാത്തതിനാല്‍ തന്നെ തടാകത്തിന് യാതൊരുവിധ കേടുപാടുകളും വന്നിട്ടില്ല. ഒരു വേനലിലും ഹൃദയസരസ്സ് വറ്റാറില്ല എന്നതും അതിന്റെ സവിശേഷതയാണ്. ഹൃദയസരസ്സും താണ്ടി ചെമ്പ്രയുടെ മുകളില്‍ എത്തുമ്പോള്‍ മേഘങ്ങള്‍ നമ്മെ തൊട്ടുരുമി നീങ്ങുന്ന അനുഭവം മനസ്സില്‍ ഊഷ്മളമായ അനുഭൂതി ഉണര്‍ത്തും.