ഡല്‍ഹി ഇമാമിന്റെ മകന് ഹിന്ദു യുവതി ജീവിത സഖി

single-img
12 November 2015

shahi

ഡല്‍ഹി ജുമാമസ്ജിദിലെ ശാഹി ഇമാം അഹ്മദ് ബുഖാരിയുടെ മകനും ഭാവി ഇമാമുമായ ശഅ്ബാന്‍ ബുഖാരിക്ക് പ്രണയസാഫല്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹിന്ദു യുവതിയുമായുള്ള വിവാഹം ഞായറാഴ്ച വൈകീട്ട് ഡല്‍ഹി ജുമാമസ്ജിദില്‍ നടന്നു. ചടങ്ങില്‍ അഹ്മദ് ബുഖാരിയുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.

ശഅ്ബാന്‍ ബുഖാരിയുടെ ഡല്‍ഹി ഭോഗലില്‍ താമസിക്കുന്ന യുവതിയുമായുള്ള പ്രണയം മുമ്പ് ഇരുകുടുംബങ്ങളിലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബുഖാരി ഇമാം വിവാഹത്തിന് എതിരായിരുന്നുവെങ്കിലും പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ചതിനാല്‍ വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നുവെന്ന് ദൈനിക ജാഗരണ്‍ പത്രം പറയുന്നു. ചടങ്ങുകള്‍ രഹസ്യമായാണ് ചടങ്ങുകള്‍ നടത്തിയതെങ്കിലും വധു ഹിന്ദുവാണെന്ന കാരണത്താല്‍ പല പ്രമുഖരും ചടങ്ങില്‍ നിന്നും വിട്ടുനിന്നതായാണ് അറിവ്.

രണ്ടുവര്‍ഷമായി ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്നു അമിറ്റി സര്‍വകലാശാലയില്‍നിന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ബിരുദം നേടിയിട്ടുള്ള ശഅ്ബാന്‍ ബുഖാരി. തന്റെ പിന്‍ഗാമിയായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ശഅ്ബാനെ ഇമാം ബുഖാരി നിയമിച്ചിരുന്നു. ഈ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാതെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ക്ഷണിച്ചത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

എന്നാല്‍ ഈ മാസം 14ന് നടക്കുന്ന ശഅ്ബാന്‍ ബുഖാരിയുടെ വിവാഹ സല്‍ക്കാരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള കേന്ദ്ര മന്ത്രിമാമരയും മറ്റു ബി.ജെ.പി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.