ഇന്നും അത്ഭുതമായി തുടരുന്ന പിങ്ക് തടാകം

single-img
11 November 2015

lake-hillier-0[2]

അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ജനനിയാകുന്ന ഭൂമി. മനുഷ്യന് ഇതുവരെ ഉരുത്തിരിഞ്ഞെടുക്കാന്‍ സാധിക്കാത്ത നിഗൂഡതകള്‍ നിറഞ്ഞ ലോകം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ മിഡില്‍ ഐലന്റില്‍ മഹാത്ഭുതമായ ഒരു ജലാശയം സ്ഥിതിചെയ്യുന്നുണ്ട്. വിമാനത്തിലും മറ്റും അതിന് മുകളിലൂടെ പറന്ന് പോകുമ്പോല്‍ അവിടേക്ക് നോക്കിയാല്‍ ആരോ ബബിള്‍ഗം ഒട്ടിച്ച് വച്ചതാണെന്ന് തോന്നും. അതാണ് പിങ്ക് തടാകം എന്നറിയപ്പെടുന്ന ലേക്ക് ഹീലിയര്‍. അത്ഭുതപ്പെടുത്തുന്ന പിങ്ക് തടാകം കാണാനായി നിരവധി സന്ദര്‍ശകരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടേക്കെത്തുന്നത്.

105 ദ്വീപുകള്‍ ചേരുന്ന റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് മിഡില്‍ ഐലന്റ്. പിങ്ക് തടാകത്തിന്റെ രഹസ്യം തേടി ഗവേഷക ലോകം പഠനം തുടരുകയാണ്. ഈ ചെറിയ തടാകത്തിന്റെ നീളം കേവലം 600 മീറ്റര്‍ മാത്രമാണ്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 1802 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്‌ലിന്റേഴ്‌സാണ് പിങ്ക് തടാകത്തെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. പിന്നീട് ചില ഗവേഷകര്‍ തടാകത്തിന്റെ നിറത്തെ കുറിച്ച് പഠനം നടത്തിയെങ്കിലും വ്യക്തമായ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. തടാകത്തിലെ ചില ബാക്ടീരിയകളുടെയും ആല്‍ഗകളുടെയും സാന്നിധ്യമാണ് പിങ്ക് നിറത്തിന് കാരണമെന്നാണ് ചിലര്‍ കണ്ടെത്തിയത്.

കടല്‍ ജലത്തിലേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഈ തടാകത്തില്‍ ഇറങ്ങുന്നതിനോ കുളിക്കുന്നതിനോ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ പിങ്ക് തടാകത്തിലെ വെള്ളം കുപ്പികളിലാക്കി കൊണ്ടുപോകാറുണ്ട്. കൂടാതെ സമീപവാസികള്‍ ഇവിടെ നിന്നും ഉപ്പും ശേഖരിക്കാറുണ്ട്.
ജനിതക വൈവിദ്യത്താലും സമ്പന്നമാണ് പിങ്ക് തടാകം. സാധാരണയായി കടലില്‍ കണ്ടുവരുന്ന കടല്‍ ചെടികളും ചിലയിനം മത്സ്യങ്ങളും ഇതില്‍ വളരുന്നു. ഇതിനുപുറമെ കടല്‍ പക്ഷികളുടെ മുഖ്യ വിഹാര കേന്ദ്രം കൂടിയാണിവിടം.