ഇത്രയൊക്കയേ ഉള്ളോ ഈ മഹത്തായ ജനാധിപത്യരാഷ്ട്രത്തില്‍ നീതിപീഠത്തിന്റെ വില?

single-img
10 November 2015

KM Manihg

അഴിമതി ആരോപണത്തിന് വിധേയനായ ധനമന്ത്രി കെ.എം. മാണിയെ ഒടുവില്‍ ഹൈക്കോടതിയും കൈവിട്ടിരിക്കുകയാണ്. ഒരു മന്ത്രി രാജിവയ്ക്കണമെന്ന് കോടതി ഇത്ര വ്യക്തമായ സൂചന നല്‍കുന്നത് ആദ്യമായാണ്. ഇതിനുമുന്‍പ് കോണ്‍ഗ്രസ്സിലെ തന്നെ പല മന്ത്രിമാര്‍ക്കെതിരെയും ഉണ്ടായ ആരോപണങ്ങളിലും കേസുകളിലും പരോക്ഷമായ രീതിയില്‍ മാത്രമായിരുന്നു കോടതി വിധികള്‍. എന്നാല്‍ അതിന്റെയെല്ലാം അന്തരഫലം മന്ത്രിമാരുടെ രാജിയിലായിരുന്നു.

1985ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി ആയിരുന്ന ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ വിവാദപരമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന് രാജി വെയ്‌ക്കേണ്ടിവന്നു. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിലാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് ബാലകൃഷ്ണപിള്ള പ്രസ്താവിച്ചിരുന്നു. കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു (ഖാലിസ്ഥാന്‍ സമരം) നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് രാധാകൃഷ്ണമേനോന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ളയ്ക്ക് മന്ത്രിപദം രാജിവെയ്‌ക്കേണ്ടി വന്നു. പഞ്ചാബ് മോഡല്‍ പ്രസംഗം വിഘടനവാദത്തെ അനുകൂലിക്കുന്നതിനാല്‍ ഭരണഘടനയുടെ പ്രതിജ്ഞാലംഘനമായി കരുതാമെന്നതിനാല്‍ മന്ത്രി കെ ബാലകൃഷ്ണപിള്ളയുടെ രാജി ഉചിതമാണെന്നുള്ള പരാമര്‍ശമായിരുന്നു 1986ല്‍ ഹൈക്കോടതി നടത്തിയത്.

മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്റെ രാജിയ്ക്ക് വഴിയൊരുക്കിയ ചന്ദനക്കള്ളക്കടത്ത് കേസിലും ഹൈക്കോടതി പരോക്ഷമായിട്ടായിരുന്നു മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നത്. ചന്ദനക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് വനംമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്നാണ് 2005 ഫെബ്രുവരി ഒമ്പതിന് അന്നത്തെ വനംമന്ത്രിയായിരുന്ന കെ.പി വിശ്വനാഥന്‍ രാജിവെച്ചത്.

2004 ല്‍ പള്ളിവാസല്‍ ചെക്ക് പോസ്റ്റില്‍ ചന്ദനത്തടിയുമായി ചിലരെ പിടികൂടിയതാണ് വിശ്വനാഥന്റെ രാജിയിലേക്ക് നയിച്ച സംഭവം. ഇതുമായി ബന്ധപ്പെട്ട് പോണ്ടിച്ചേരിയില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ 3375 കിലോ ചന്ദനപ്പൊടിയും 7700 കിലോയോളം ചീളും പിടിച്ചിരുന്നു. ഈ കേസിലുള്‍പ്പെട്ട വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് ജനറല്‍ മാനേജര്‍ മുസ്തഫയുടേയും മറ്റ് നാലുപേരുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.പത്മനാഭന്‍ നായര്‍ കള്ളക്കടത്തുകാരും മന്ത്രി വിശ്വനാഥനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയിലും മന്ത്രിസഭയിലും കടുത്ത സമ്മര്‍ദ്ദം നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി വിശ്വനാഥനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

രാജിക്കായ് ധനകാര്യമന്ത്രി മാണിയുടെ മേല്‍ സമ്മര്‍ദ്ദമേറിയിട്ടും അദ്ദേഹത്തിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനുമുന്‍പ് മന്ത്രിമാര്‍ക്കെതിരെ പലതരം ആരോപണങ്ങള്‍ വന്നപ്പോള്‍ കോടതി പരാമര്‍ശത്തെ മാനിച്ച് മുഖ്യമന്ത്രി അവരോട് രാജി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് ഹൈക്കോടതി വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്. എന്നാല്‍ മാണിയോട് തുടരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തണുപ്പന്‍ നയം യു.ഡി.എഫ് പ്രസ്താനത്തിന് തന്നെ വലിയ വിള്ളലുണ്ടാക്കാം. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പ്രതികരണം മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇനിയും വിലയിരുത്തിയില്ല എന്നുണ്ടെങ്കില്‍ ഇനി വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി അവര്‍ക്ക് നേരിടേണ്ടിവരും.