സാംസങ് യുഗം അവസാനിക്കുമോ?

single-img
10 November 2015

samsung_on5_on7-e1446539828696സ്മാർട്ട്ഫോണുകളുടെ ശൈശവകാലത്ത്, സാധാരണക്കാർക്ക് അതൊരു സ്വപ്നമായിരുന്നു. കാരണം ആപ്പിൾ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ സ്മാർട്ട്ഫോൺ വിറ്റിരുന്നത്. ഉയർന്ന വിലതന്നെയായിരുന്നു ആപ്പിളിന്റെ പ്രശ്നം, അതിനാൽ സാധാരണക്കാരന് എന്നും ഒരു കിട്ടാകനിയായിരുന്നു ഐഫോണുകൾ. ഈ സമയത്താണ് ആൻഡ്രോയിഡുമായി ചേർന്ന് സ്മാർട്ട്ഫോണുകൾ സാംസങ് അവതരിപ്പിക്കുന്നത്.

ഉയർന്ന മോഡലുകളിൽ തുടങ്ങി ആർക്കും കൈക്കലാക്കാവുന്ന വിലയിലും സാംസങ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചു. സാംസങ് അങ്ങനെ വിപണിയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു. ജനകീയ ഫോൺ എന്ന ഖ്യാതിയുണ്ടായിരുന്ന, ലോകത്തെ ഫോൺ വിപണിയുടെ നല്ലൊരു ഭാഗം പിടിച്ചുവെച്ചിരുന്ന നോക്കിയയ്ക്ക് പോലും സാംസങ്ങിന്റെ ആ മുന്നേറ്റത്തെ അതിജീവിക്കാനായില്ല.

എന്നാൽ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ് സാംസങ് എത്തിനിൽക്കുന്നത്. അതിന് കാരണങ്ങൾ പലതുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളാണ് സാംസങ്, പക്ഷെ കഴിഞ്ഞ കുറേ മാസങ്ങളിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ കമ്പനി അതിന്റെ അന്ത്യത്തിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കാം.

സാംസങ് വിപ്ലവം സൃഷ്ടിച്ച ആൻഡ്രോയ്ഡ് മേഖലയിൽ മത്സരം രൂക്ഷമാകുന്നു എന്നതാണ് പ്രധാന കാരണം. സ്മാർട്ട്ഫോൺ വിപണി പക്വമാകുന്നതിനിടെ, നിരവധി പ്രതിയോഗികൾ കടന്നുകയറുകയും അതേ ശ്രേണിയില്പെട്ട ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് രംഗത്തെത്തിച്ച് വിപണനവിഹിതം സ്വന്തമാക്കുകയും ചെയ്യുകയാണ് ഇപ്പോൾ. അതിനാൽ വിപണിയിൽ ആദ്യമെത്തിയ സാംസങ്ങിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ബിസിനസ്സ് ഭാഷയിൽ ഈ പ്രതിഭാസത്തിന്  ‘ഇന്നവേറ്റേഴ്‌സ് പ്രതിസന്ധി’ എന്ന് പറയപ്പെടുന്നു. വലിയ ഫീച്ചറുകളുള്ള ആൻഡ്രോയ്ഡ് ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ദിനംപ്രതി വിപണിയിലെത്തുകയാണ്. സാംസങ് 600 ഡോളർ വിലയുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലിറക്കുമ്പോൾ മറ്റ് കമ്പനികൾ അതിലും മികച്ച സൗകര്യങ്ങളുള്ള ഫോണുകൾ 200,300 ഡോളറുകൾക്കാണ് വിൽക്കുന്നത്.

കൂടാതെ 2015 ലെ മൂന്നാംപാദത്തിൽ 840 ലക്ഷം ഫോണുകൾ വിറ്റ സാംസങ്, 38 ശതമാനവും വിറ്റത് 200 ഡോളറിൽ താഴെ വിലയുള്ളതായിരുന്നു എന്ന് ‘വാള്‍ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് ഇതേ ശ്രേണിയിലെ വിഹിതം വെറും എട്ട് ശതമാനം മാത്രമായിരുന്നു.

എല്ലാ പ്രദേശങ്ങളിലേക്കും ആപ്പിൾ ഫോണുകൾ എത്തിക്കാൻ തുടങ്ങിയതും സാംസങ്ങിന് തിരിച്ചടിയായി. കൂടാതെ അമേരിക്കയ്ക്ക് പുറത്ത് ചൈനയിൽ ഐഫോണുകൾ നിർമ്മിക്കാൻ ആപ്പിൾ തയ്യാറായത് ഉത്പന്നങ്ങൾക്ക് വിലകുറയുവാനും ഉപഭോഗം കൂടുന്നതിനും കാരണമായി. ഐഫോണുകൾക്ക് പ്രിയം ഏറിവരുന്നു എന്നതാണ് വാസ്തവം.

സ്മാർട്ട്ഫോൺ വിപണിയിൽ മികച്ച മുന്നേറ്റം ഐഫോണുകൾ നടത്തികൊണ്ടിരിക്കുകയാണ്. ഐഫോണിന്റേത് പോലെ വിശ്വസ്തരായ ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിക്കാൻ സാംസങിന് കഴിഞ്ഞിട്ടില്ല എന്നതും ആപിളിന് നേട്ടമായിട്ടുണ്ട്.

പ്രസ്തുത പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒ.എസ് ഫോണുകളിൽ സാംസങ് അവതരിപ്പിച്ചിരിന്നു. എന്നാൽ അതൊന്നും ഫലപ്രദമായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ സ്മാർട്ട്‌ഫോൺ രംഗത്ത് സാംസങിന്റെ ആയുസ്സ് അവസാനിക്കുമെന്നാണ് പല സാമ്പത്തിക നിരീക്ഷകരുടേയും അഭിപ്രായം.

ഈയിടയ്ക്ക് ക്രിയേറ്റീവ് സ്ട്രാറ്റജീസ് ഗവേഷകൻ ബെൻ ബജാരിൻ നടത്തിയ പഠനത്തിൽ  ഇപ്പോഴത്തെ നിലയ്ക്ക് സ്മാർട്ട്ഫോൺ ബിസിനസിൽ നിന്ന് അഞ്ച് വർഷത്തിനകം സാംസങ് പുറത്താകുമെന്ന നിഗമനത്തിലെത്തിയിരുന്നു.