ഇന്ത്യയ്‌ക്കെതിരെ ബോഡോ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് ചൈനയുടെ നേതൃത്വത്തില്‍ മ്യാന്‍മറില്‍ വെച്ചാണെന്ന് പിടിയിലായ ബോഡോ തീവ്രവാദി നേതാവ് ഡിങ്ക

single-img
7 November 2015

Dinga

ഇന്ത്യക്കെതിരെ ബോഡോ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് ചൈനയുടെ നേതൃത്വത്തില്‍ മ്യാന്‍മറില്‍ വെച്ചാണെന്ന് പിടിയിലായ ബോഡോ തീവ്രവാദി നേതാവ് ലിബിയോണ്‍ ബസുമതാരി എന്ന ഡിങ്ക. ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈനയും മ്യാന്‍മറും വിവിധ സൗകര്യങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുന്നതായി ഡിങ്ക ചോദ്യം ചെയ്യലില്‍ അറിയിച്ചു.

അസം, നാഗാലാന്‍ഡ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകള്‍ക്ക് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടുന്നതിനുള്ള പരിശീലനവും ആയുധങ്ങളും സഹായവും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ഡിങ്ക അറിയിച്ചു. കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, ഇന്‍സാസ് സീരീസ് ഗണ്‍, സ്റ്റെന്‍ഗണ്‍, എ.കെ.47, എ.കെ.87, എ.കെ.97 സീരീസ് തോക്കുകള്‍, കൈതോക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങളെല്ലാം ചൈനയില്‍ നിര്‍മിച്ച് എത്തിച്ചുതരാന്‍ ഏജന്റുമാരുണ്ടെന്നും ഡിങ്ക അറിയിച്ചു.

ചൈനയില്‍ നിന്ന് ലഭിക്കുന്ന ആയുധങ്ങള്‍ മ്യാന്‍മറില്‍ എത്തിച്ചാണ് പരിശീലനം നേടുന്നത്. ചൈന എത്തിച്ചു തരുന്ന ആയുധങ്ങളിലെല്ലാം താന്‍ പരിശീലനം നേടുകയും ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും ഡിങ്ക പറഞ്ഞു. താന്‍ 2011ലാണ് മ്യാന്‍മറിലെത്തി പരിശീലനം നേടിയതെന്നും ഡിങ്ക അറിയിച്ചു. അവിടുത്തെ ഗ്രാമങ്ങളില്‍ വെച്ചുള്ള പരിശീലനത്തില്‍ തന്നോടൊപ്പം 200 പേരും ഉണ്ടായിരുന്നുവെന്നും അതിനായി സംഘടന അവിടത്തെ ഭരണാധികാരികള്‍ക്ക് പണം നല്‍കിയിരുന്നുവെന്നും ഡിങ്ക അറിയിച്ചു.