ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഉത്തരവിടുന്ന സംഘ പരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നതെന്ന് പിണറായി

single-img
6 November 2015

PINARAYI VIJAYANബോളിവൂഡ് താരം ഷാരൂഖ് ഖാന് നേരെ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച്   സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഉത്തരവിടുന്ന സംഘ പരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നതെന്ന്  പിണറായി  അഭിപ്രായപ്പെട്ടു

ഏറ്റവും പ്രശസ്തരായ ഇന്ത്യക്കാരില്‍ ഒരാള്‍ മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹിതമായ പാരമ്പര്യമുള്ള കുടുംബാംഗം കൂടിയാണ് ഷാരൂഖ് ഖാനെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി മീര്‍ താജ് മുഹമ്മദ്ഖാന്റെ മകന്‍. സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഐ എന്‍ എ യില്‍ മേജര്‍ ജനറലായിരുന്ന ഷാനവാസ് ഖാന്റെ ദത്തു പുത്രി ലത്തീഫ് ഫാത്തിമയാണ് ഷാരൂഖിന്റെ മാതാവ്. പെഷാവറില്‍നിന്ന് വിഭജനകാലത്ത് പാകിസ്ഥാന്‍ വിട്ടു ഡല്‍ഹിയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഷാരൂഖ്. ദേശീയ പ്രസ്ഥാനത്തോട് പുറം തിരിഞ്ഞു നിന്ന ആര്‍ എസ് എസിന് ആ കുടുംബത്തിന്റെ പാരമ്പര്യം അറിയാത്തതില്‍ അത്ഭുതമില്ലെന്നും പിണറായി പറഞ്ഞു.

രാഷ്ട്രപതി നാലുവട്ടം ആശങ്കയോടെ ചൂണ്ടിക്കാട്ടിയ അസഹിഷ്ണുത എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുകയാണ് എന്നതിന്റെ തെളിവാണിത്. രാഷ്ട്രപതിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച ഷാരൂഖ് ഖാന് രാജ്യ ദ്രോഹിപ്പട്ടം ചാര്‍ത്തിക്കൊടുക്കുന്നവര്‍ നാളെ രാഷ്ട്രപതിയോട് തന്നെ ഇതേ സമീപനം സ്വീകരിക്കും. രാഷ്ട്ര പിതാവിന്റെ ഘാതകന് ക്ഷേത്രം പണിയുന്ന സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഈ തിളച്ചുമറിയല്‍ വലിയ വിപത്തിന്റെ സൂചനയാണെന്ന് തിരിച്ചറിഞ്ഞു പ്രതികരണങ്ങള്‍ ഉയരണമെന്നും പിണറായി പറഞ്ഞു