50 വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരുടെ കാലുപിടിച്ചു മടുത്ത മലമാരി കോളനിയിലെ ഇരുന്നൂറോളം വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ബഹിഷ്‌കരിച്ചു

single-img
3 November 2015

Colony

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കി, അതുകഴിഞ്ഞ് ഒന്നു തിരിഞ്ഞുപോലും നോക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളോട് മലമാരി കോളനിക്കാര്‍ പുറംതിരിഞ്ഞു നിന്നു. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ജനപ്രതിനിധികള്‍ പറഞ്ഞ വാക്ക് പാലിക്കാതെ തങ്ങളെ അവഗണിച്ചതിന് പകരമായി ഇത്തവണ ഇരുന്നുറോളം വോട്ടര്‍മാര്‍ അടങ്ങുന്ന കോളനി തെരഞ്ഞെടുപ്പ് ബഹികരിച്ചപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പോളിംഗ് നടന്ന വാര്‍ഡായി തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇക്ബാല്‍ കോളേജ് വാര്‍ഡ് മാറി.

പെരിങ്ങമല ഇക്ബാല്‍ കോളേജ് വാര്‍ഡിലെ മലമാരി കോളനിയിലെ പാവങ്ങളെയാണ് രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തട്ടിക്കളിച്ചിരുന്നത്. പക്ഷേ ഇത്തവണ അവര്‍ തിരിച്ചു തട്ടി. ളആ തട്ടില്‍ പൊലിഞ്ഞത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ജയ പ്രതീക്ഷകളും. തങ്ങളുടെ കോളനിയില്‍ അടിസ്ഥാന വികനങ്ങള്‍ എത്തിയില്ല എന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ചോദിക്കാന്‍ എത്തിയപ്പോള്‍ കൂട്ടായി പറയുക മാത്രമല്ല അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. ആ സമയത്ത് അവര്‍ തങ്ങളുടെ കോളനിക്കുള്ളിലൂടെ കടന്നുപോകുന്ന റോഡ് നവീകരിച്ചു. ജംഗ്ഷനില്‍ പട്ടിണിക്കഞ്ഞിയും വെച്ചു.

അറുപതിലധികം കുടുംബങ്ങളിലായി ഇരുന്നൂറോളം വോട്ടര്‍മാരാണ് വോട്ട് ബഹിഷ്‌കരിച്ചത്. റോഡുകള്‍, കുടിവെള്ളം തുടങ്ങി പ്രഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ഗ്രാമത്തിലെ വീടുകളില്‍ ഇല്ല. 52 വര്‍ഷങ്ങള്‍ക്കു മുമ്പ് താമസമാക്കി 32 കുടുംബങ്ങളുടെ കൂട്ടായ്മ ഇന്നും അതുപോലെ തന്നെ തുടരുകയാണ്. 50 വര്‍ഷമായി തങ്ങള്‍ കെഞ്ചുന്ന വികസനം തങ്ങള്‍ക്ക് ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ല. ആ പ്രതീക്ഷയില്ലായ്മയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് തങ്ങളും മനുഷ്യരാണെന്ന് അവര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കാട്ടിക്കൊടുത്തത്.